പാനൂർ: അധികൃതവും അനധികൃതവുമായ നൂറോളം ക്വാറികൾ വാഴമല -നരിക്കോട് മലനിരകളെ സ്ഫോടനാത്മകമായ അവസ്ഥയിലെത്തിക്കുന്ന ു. കഴിഞ്ഞ പ്രളയത്തിന് മലയിലെ കരിങ്കൽ ക്വാറിയിൽ ഉരുൾപൊട്ടലിനു സമാനമായ മലവെള്ളപ്പാച്ചിലിൽ നശിച്ച നൂറോളം ഏക്കറുകളിലെ കൃഷിനാശത്തിന് മുമ്പിൽ പകച്ച് നിൽക്കുകയാണ് നാട്ടുകാർ. ദിശമാറി ശക്തമായ ഒഴുകിയ മലവെളളം ഏക്കർകണക്കിനു കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. മുകൾ ഭാഗത്തെ ക്വാറിക്കായി കോരിയിട്ട കുന്നോളം മണ്ണും പാറക്കഷണങ്ങളുമാണ് മലവെള്ളത്തോളം ഒലിച്ച് വന്നത്. ഇത് ഉരുൾപൊട്ടലല്ലെന്ന് സമർത്ഥിക്കാനാണ് റവന്യൂ വകുപ്പ് ശ്രമിച്ചത്. സാങ്കേതികമായി ഉരുൾപൊട്ടലല്ലെങ്കിലും സമാനമായ നാശമാണ് താഴ്വാരത്ത് സംഭവിച്ചത്. 2000 ഒക്ടോബർ 20നും കഴിഞ്ഞ വർഷവും വാഴമല മേഖലകളിൽ ഉരുൾപൊട്ടിയിരുന്നെങ്കിലും വാഴമല, നരിക്കോട്മല മേഖലകളിൽ ഇതുവരെ നടന്ന ഉരുൾപൊട്ടലുകൾ റവന്യൂരേഖകളിൽ ഇല്ല. ഉരുൾപൊട്ടൽ ശക്തമല്ലെങ്കിലും വരാൻ പോകുന്ന വൻവിപത്തിൻെറ സൂചനകളായാണ് ഇക്കഴിഞ്ഞ ദുരന്തത്തെ പ്രദേശവാസികൾ കാണുന്നത്. ഉരുൾപൊട്ടൽ നടന്നുവെന്ന് വില്ലേജിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിൽ പിന്നീട് നിയമപരമായി കരിങ്കൽക്വാറികൾക്കു പ്രവർത്തിക്കാൻ അനുമതി ലഭിക്കില്ലെന്ന് അറിയാവുന്നവർ സർക്കാർ രേഖകളിൽ പോലും കൈകടത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണവം റിസർവ് വനത്തിൽ ഉൾപ്പെടുന്ന തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പ്രദേശം ദുരന്ത നിവാരണ അതോറിറ്റി ഉരുൾപൊട്ടൽ സാധ്യതയുളള സ്ഥലമായി പ്രഖ്യാപിച്ചതാണ്. ഈ പ്രദേശങ്ങളിൽ മഴക്കുഴി പോലും പാടില്ലെന്നാണ് ചട്ടം. പല പ്രമുഖർക്കും ഇവിടെ ഭൂമിയുണ്ട്. പല നേതാക്കളും ബിനാമികളെ വെച്ച് ക്വാറികളും ക്രഷറുകളും നടത്തുന്നുമുണ്ട്. ആദിവാസികൾ അടക്കം താമസിക്കുന്ന നരിക്കോടും വാഴമലയും പ്രകൃതി ചൂഷണത്തിനു ഇനിയും വിധേയമായാൽ പാനൂരിൻെറ കിഴക്കൻ മേഖലയായ പൊയിലൂർ, ചമതക്കാട്, പാറയുളളപറമ്പ്, വടക്കെപൊയിലൂർ ഭാഗങ്ങൾ ഉരുൾപൊട്ടലിൽ നാമാവശേഷമാകും. കഴിഞ്ഞ ദിവസം വെളളം ഒലിച്ച്് കൃഷി നാശം സംഭവിച്ചവർക്കു സഹായം വാങ്ങി ക്കൊടുക്കാൻ കമ്മിറ്റി ഉണ്ടാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയുമധികം ഭീഷണികൾ നിലവിലുണ്ടെങ്കിലും ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കാനോ നിയന്ത്രിക്കാനോ സമരരംഗത്തിറങ്ങാൻ ഒരു രാഷ്ട്രീയക്കാരും വാഴമലയിലെത്തുന്നില്ലെന്ന സങ്കടത്തിലാണ് നാട്ടുകാർ. നിരവധി പേരുടെ ജീവനോപാധിയെന്ന ന്യായമാണ് ക്വാറി അനുകൂലികൾ പറയുന്നത്. എന്നാൽ, സമീപഭാവിയിൽ തന്നെ ഉണ്ടാവാൻ സാധ്യതയുള്ള വൻ ദുരന്ത ഭീതിക്ക് മുന്നിൽ പകച്ച് നിൽക്കുകയാണ് മേഖലയിലെ ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.