പട്ട്യേരിയുടെ വിയോഗം നികത്താനാകാത്ത നഷ്​ടം

പെരിങ്ങത്തൂർ: ഗാന്ധിയൻ ആദർശങ്ങളെ മുറുകെപിടിച്ച പട്ട്യേരി കുഞ്ഞികൃഷ്ണൻ അടിയോടിയുടെ നിര്യാണം നാടിന് തികഞ്ഞ നഷ്ടമായി. രസകരമായ കഥകളിലൂടെയും സംഭവകഥാവിവരണങ്ങളിലൂടെയും ഗാന്ധിയൻ ആദർശങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് വേദികളിൽ അദ്ദേഹം വാചാലനായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം വിപുലമായ സൗഹൃദത്തിനുടമകൂടിയായിരുന്നു. പ്രഭാഷകൻ, എഴുത്തുകാരൻ, പ്രകൃതിസംരക്ഷണ പ്രവർത്തകൻ, സാമൂഹിക-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം, മികച്ച സഹകാരി, ചെറുകിട സംരംഭങ്ങളുടെ സ്ഥാപകൻ, മദ്യവിരുദ്ധ പ്രവർത്തകൻ തുടങ്ങി സർവമേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. കരിയാട് കാരുണ്യ സൻെററിൻെറ ഉപദേശകസമിതിയിലെ പ്രധാനികൂടിയായിരുന്നു ഇദ്ദേഹം. കരിയാട് നടക്കുന്ന ഏത് പരിപാടിയിലും അടിയോടിയുടെ സാന്നിധ്യം അത്യാവശ്യമായിരുന്നു. 1961 മുതൽ 1994വരെ കേരള ഗാന്ധിസ്മാരക നിധി മുഴുവൻ സമയ പ്രവർത്തകനായിരുന്നു. കരിയാട് ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം മുഖ്യ പ്രവർത്തകൻ, കേരള ഗാന്ധി സ്മാരക നിധി മലബാർ സോൺ ഓർഗനൈസർ, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കരിയാട് ഗാന്ധി സ്മാരക ഗ്രാമ സേവാകേന്ദ്രം പ്രസിഡൻറും ഗ്രാമനിർമാണ സമിതി പ്രവർത്തക സമിതി അംഗവുമാണ്. കേരള സർവോദയ മണ്ഡലം ജില്ല സെക്രട്ടറി, ഗ്രാമനിർമാണ സമിതി സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സുപ്രഭാതം (കവിത സമാഹാരം), കുട്ടികളുടെ വിനോബ (ജീവചരിത്രം) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ. ശ്രീനാരായണ സാഹിത്യ അക്കാദമിയുടെ ഗുരു ചൈതന്യ പുരസ്കരം (2007), ബാലൻ മൊകേരി പുരസ്കാരം (2008), കണ്ണൂർ ജില്ല ഗാന്ധി സൻെറിനറി കമ്മിറ്റിയുടെ സാമൂഹിക പ്രവർത്തക പുരസ്കാരം (1994) എന്നിവ ലഭിച്ചിട്ടുണ്ട്. ആകാശവാണി സുഭാഷിതങ്ങളുടെ അവതാരകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.