വ്യാജ സ്വർണക്കട്ടി നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്​റ്റിൽ

തലശ്ശേരി: പഴയങ്ങാടി മാട്ടൂൽ സ്വദേശി സയ്യിദ് ഹൗസിൽ ആറ്റക്കോയ തങ്ങളെ നിധി കിട്ടിയതെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വർണക്കട്ടികൾ നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വയനാട് വൈത്തിരി മുട്ടിൽ സ്വദേശി പുതിയപുരയിൽ ഷാഹിദ് ഷുഹൈൽ (49) ആണ് അറസ്റ്റിലായത്. ആറ്റക്കോയ തങ്ങളുടെ പരാതിയിലാണ് അറസ്റ്റ്. നിധിയായി ലഭിച്ച സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആറ്റക്കോയ തങ്ങളിൽനിന്ന് 10 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി. ജൂൺ 20ന് പുന്നോലിലേക്ക് വിളിച്ചുവരുത്തിയാണ് വ്യാജ സ്വർണക്കട്ടി നൽകി പണം തട്ടിയത്. സമാനരീതിയിൽ പഴയങ്ങാടിയിലെ ഒരു അധ്യാപകനിൽനിന്ന് ആറു ലക്ഷവും മറ്റൊരാളിൽനിന്ന് 10 ലക്ഷവും ഷുഹൈലിൻെറ നേതൃത്വത്തിലുള്ള സംഘം കൈക്കലാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ന്യൂ മാഹി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിൻെറ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മഞ്ചേരിയിൽനിന്ന് പിടികൂടിയത്. പരാതിക്കാരൻ തിരിച്ചറിഞ്ഞ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ന്യൂ മാഹി എസ്.െഎ കെ. രാജേഷ്, ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.െഎ അജയൻ, രാജീവൻ, ശ്രീജേഷ്, മീരജ്, സുജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. സ്വർണവും പണവും കൈമാറിയത് ന്യൂ മാഹി പൊലീസിൻെറ പരിധിയിൽ നിന്നായതിനാലാണ് ന്യൂ മാഹി പൊലീസ് കേസെടുത്തത്. തട്ടിപ്പിനിരയായ മറ്റൊരാൾ കണ്ണൂർ ടൗൺ പൊലീസിലാണ് പരാതി നൽകിയത്. ഷാഹിദ് ഷുഹൈൽ മഞ്ചേരിയിൽ ഒരു പീഡന കേസിലും പ്രതിയാണ്. കേരളത്തിൽ പല സ്ഥലങ്ങളിലും പ്രതി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. മന്ത്രവാദം, പൂജ തുടങ്ങിയവ നടത്തുന്നവരെയാണ് തട്ടിപ്പിനിരയാക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.