രാഗമാല തീർത്ത് സഞ്ജയ് സുബ്രഹ്മണ്യം

തുരീയം സംഗീതോത്സവം പയ്യന്നൂർ: തലമുറകളിലൂടെ കാലം കാച്ചി മിനുക്കിയെടുത്ത കർണാടക സംഗീതസമ്പ്രദായത്തിൻെറ സാരസത് തുക്കൾ ശബ്ദഗാംഭീര്യത്തിൻെറ മേമ്പൊടി ചേർത്ത് കർണപുടങ്ങളിലേക്കൊഴുകിയെത്തിയപ്പോൾ തുരീയം വേദിക്ക് അനുപമ ചാരുത. വായ്പാട്ടും വയലിനും ഒരുപോലെ വഴങ്ങുന്ന യുവതലമുറയിലെ പൗരുഷശബ്ദത്തിൻെറ പ്രതീകമായ സഞ്ജയ് സുബ്രഹ്മണ്യമാണ് പത്താം രാവിനെ അവിസ്മരണീയമാക്കിയത്. ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് ആരാധകരുള്ള സഞ്ജയ് സുബ്രഹ്മണ്യത്തിൻെറ ഘനഗാംഭീര്യം ശബ്ദത്തിലൂടെ ഒഴുകിയെത്തിയത് രാഗങ്ങളുടെ പെരുമഴക്കാലം. ജനപ്രിയവും അപൂർവങ്ങളുമായ രാഗങ്ങളിലൂടെയും കീർത്തനങ്ങളിലൂടെയും സഞ്ജയ് സഞ്ചരിച്ചപ്പോൾ സംഗീതസന്ധ്യക്ക് ഒളിമങ്ങാത്ത സൂര്യശോഭ. സഞ്ജയിൻെറ ശബ്ദതരംഗങ്ങൾക്കൊപ്പം എസ്. വരദരാജൻെറ വയലിൻ തന്ത്രികളിലെ മാസ്മരികത കൂടി സമന്വയിച്ചപ്പോൾ കച്ചേരി വിവരണാതീതം. നെയ്വേലി വെങ്കിടേഷിൻെറ മൃദംഗവും തൃപ്പൂണിത്തുറ രാധാകൃഷ്ണൻെറ ഘടവും കച്ചേരിയെ ഗംഭീരമാക്കാൻ തെല്ലൊന്നുമല്ല സഹായിച്ചത്. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. പോത്താങ്കണ്ടം ആനന്ദഭവനത്തിൻെറ 16ാമത് തുരീയം സംഗീതോത്സവത്തിൻെറ 11ാം ദിനമായ ബുധനാഴ്ച കർണാടക സംഗീതലോകത്തെ യുവസാന്നിധ്യം അശ്വന്ത് നാരായണൻെറ വായ്പാട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.