തുരീയം സംഗീതോത്സവം: ശ്രുതിമധുര ആലാപന മികവിൽ ഒമ്പതാം രാവ്

പയ്യന്നൂർ: പാട്ടിൻെറ പെൺവഴികളുടെ കരുത്തും കഴിവും വിളിച്ചോതിയ സംഗീത സമ്മേളനത്താൽ തുരീയം സംഗീതോത്സവത്തിൻെറ ഒ മ്പതാം രാവ് ധന്യമായി. ശ്രുതിസുന്ദരമായ ആലാപനം കൊണ്ട് സംഗീത സന്ധ്യയെ വിസ്മയിപ്പിച്ചത് ശ്രുതി ശങ്കർ കുമാർ. ജനപ്രിയവും പരിചിതവുമായ രാഗങ്ങളുമായി ശ്രുതി ആസ്വാദകരിലേക്കിറങ്ങിയപ്പോൾ അയോധ്യ ഓഡിറ്റോറിയത്തിൽ പെയ്തിറങ്ങിയത് അമൃതവർഷത്തിൻെറ തേൻതുള്ളികൾ. വയലിൻ തന്ത്രികളിൽ സർഗാത്മകതയുടെ സുവർണ വീചികൾ തീർത്ത് ഇടപ്പള്ളി അജിത് മികച്ച പിന്തുണയേകിയപ്പോൾ ശ്രുതിയുടെ ആലാപനത്തിന് ശ്രുതിമധുരമേറുകയായിരുന്നു. മൃദംഗത്തിൻെറ തോൽപുറത്ത് എരിക്കാവ് സുനിൽകുമാർ തീർത്ത വാദന മികവും മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ഘടത്തിൽ തീർത്ത ശബ്ദ സൗകുമാര്യവും മലൈക്കോട്ടൈ ആർ.എം. ദീനദയാളിൻെറ മുഖർശംഖും കൂടിയായപ്പോൾ കച്ചേരി വിഭവസമൃദ്ധം. തിങ്കളാഴ്ച സി. കൃഷ്ണൻ എം.എൽ.എ, പയ്യന്നൂർ സി.ഐ പി.കെ. ധനഞ്ജയബാബു എന്നിവർ മുഖ്യാതിഥികളായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. പോത്താങ്കണ്ടം ആനന്ദഭവനത്തിൻെറ പതിനാറാമത് തുരീയം സംഗീതോത്സവത്തിൻെറ പത്താം ദിനമായ ചൊവ്വാഴ്ച കർണാടക സംഗീതലോകത്തെ പൗരുഷത്തിൻെറ പ്രതീകം സഞ്ജയ് സുബ്രഹ്മണ്യത്തിൻെറ വായ്പാട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.