വളപട്ടണത്തെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളവിതരണം നടത്തുന്ന പൈപ്പ് ലൈനാണ് പൊട്ടിയത് പുതിയതെരു: പുതിയതെരു ദേശീയപാതയിൽ കുടിവെള്ളവിതരണ പൈപ്പ്ലൈൻ പൊട്ടിയിട്ട് ഒരാഴ്ച പിന്നിട്ടു. വാഹനങ്ങൾ അപകടത്തിൽപെട്ടതോടെ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ നാട്ടുകാർ വാഴ നടുകയുംചെയ്തു. ഹൈവേ ജങ്ഷനിൽ ചിറക്കൽ സർവിസ് സഹകരണ ബാങ്കിന് മുൻവശം, ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്ര റോഡിന് സമീപത്താണ് ദേശീയപാതയിൽ റോഡ് തകർന്ന് വലിയ കുഴി രൂപപ്പെട്ടത്. വളപട്ടണത്തെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണംചെയ്യുന്ന പൈപ്പ്ലൈനാണ് പൊട്ടിയത്. ദിവസവും ഗ്യാലൻ കണക്കിന് വെള്ളമാണ് റോഡിലൂടെ ഒഴുകി പാഴാകുന്നത്. നാട്ടുകാരും ഹൈവേ ജങ്ഷനിൽ തൊഴിലെടുക്കുന്ന കമേഴ്‌സ്യൽ വാഹന ഡ്രൈവർമാരും ദിവസവും വാട്ടർ അതോറിറ്റി അധികൃതരെ വിളിച്ചറിയിക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരുമുണ്ടായിട്ടില്ല. നാട്ടുകാർ വിളിക്കുമ്പോൾ വാട്ടർ അതോറിറ്റിക്കാർ പറയുന്നത് ദേശീയപാത വകുപ്പ് അനുവാദം തരാത്തതിനാലാണ് പ്രശ്നപരിഹാരം സാധിക്കാത്തതെന്നാണ്. ദേശീയപാത വെട്ടിപ്പൊളിക്കാൻ പാടില്ല എന്ന് പൊതുമരാമത്ത് വകുപ്പിൻെറ കർശന നിർദേശമുള്ളതിനാലാണ് അനുവാദം കൊടുക്കാൻ പറ്റാത്തതെന്ന് ദേശീയപാത വകുപ്പും പറയുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പ് നന്നാക്കുകയും കുഴി അടക്കുകയും ചെയ്തില്ലെങ്കിൽ കൂടുതൽ അപകടങ്ങളുണ്ടാവുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. ഭാര്യയെയും മക്കളെയും കൂട്ടി ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ കുഴിയിൽ വീണ് കുട്ടികൾ തെറിച്ചുപോയിരുന്നു. പിറകെ വന്ന വാഹനം പെട്ടെന്ന് നിർത്തിയതിനാൽ തലനാരിഴക്കാണ് കുട്ടികൾ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. കുഴിയിൽ വീണ ഇരുചക്രവാഹന യാത്രക്കാരൻെറ വിലപിടിപ്പുള്ള മൊബൈൽഫോൺ തെറിച്ചുവീണ് മറ്റൊരു വാഹനം കയറിയിറങ്ങി തകരുകയുംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.