പുതിയ പാലം​ പ്രവൃത്തി നിലച്ചു; പഴയത്​ നന്നാക്കുന്നുമില്ല വഴിമുട്ടി കൂട്ടുപുഴ പാലം

ഇരിട്ടി: തലശ്ശേരി-മൈസൂരു അന്തർസംസ്ഥാന പാതയിലെ പ്രധാന പാലമായ കൂട്ടുപുഴ പാലം അപകട ഭീഷണിയിൽ. പുതിയ പാലം നിർമിക്കുന്നതിനാൽ നിലവിലുള്ള പാലത്തെ അധികൃതർ ഉപേക്ഷിച്ചമട്ടാണ്. ഇതിൻെറ ഉപരിതലം പൂർണമായും തകർന്നു. ഇരുവശങ്ങളിലും രൂപംകൊണ്ട വലിയ കുഴികൾ ചെറിയ വാഹനങ്ങളുടെ ഗതാഗതത്തെയും ബാധിക്കുന്നുണ്ട്. കർണാടക-കേരള അതിർത്തിയിൽ പ്രവേശന കവാടമായിട്ടാണ് കൂട്ടുപുഴ പാലം നിലനിൽക്കുന്നത്. നിവിലുള്ള പാലത്തിന് 50 മീറ്റർ അകലെയാണ് പുതിയ പാലം. ഇതിൻെറ കേരളത്തിൽ നിർമിക്കേണ്ട പകുതി ഭാഗം മാത്രമാണ് പൂർത്തിയായത്. കർണാടകയോട് ചേർന്ന് കിടക്കുന്ന ഭാഗത്തിൻെറ നിർമാണത്തിന് അനുമതി ലഭിക്കാത്തതിനാൽ അനിശ്ചിതത്വത്തിലാണ്. പഴയ പാലത്തിൻെറ അടിഭാഗത്തെ കോൺക്രീറ്റുകൾ വ്യാപകമായി അടർന്നുവീണ് ദ്രവിച്ച കമ്പികൾ പുറത്തോട്ട് തള്ളിനിൽക്കുകയാണ്. കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രം പ്രവേശിക്കാനേ വീതിയുള്ളൂ. വലിയ വാഹനങ്ങൾ മൂന്നും നാലും തവണ മുന്നോട്ടും പിന്നോട്ടും എടുത്ത് വേണം പാലത്തിലേക്ക് പ്രവേശിക്കാൻ. എതിരെ വരുന്ന വാഹനങ്ങൾ ഈ സമയം നിർത്തിയിടണം. വാഹനങ്ങൾ നിരവധി തവണ പാലത്തിൽ ഉരസിയതിൻെറ പാടുകളും ഉണ്ട്. യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ തലയിടിച്ചും മറ്റും അപകടം സംഭവിക്കാം. വർഷങ്ങൾക്ക് മുമ്പാണ് പാലത്തിൻെറ ഉപരിതലം ടാറിങ് നടത്തിയത്. ടാറിങ് പൂർണമായും അടർന്ന് വലിയ കല്ലുകൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്. മഴക്കാലത്ത് വെള്ളം നിറഞ്ഞ് വലിയ കുഴികൾ തിരിച്ചറിയാൻ പറ്റാതായി. ഇതോടെ ഇരുചക്ര വാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിൽവീണ് കയറാൻ പറ്റാതെ പാടുപെടുന്നത് നിത്യസംഭവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.