അല്‍ത്താഫ്​ വധം: മരുമകനടക്കം അഞ്ചു​പേര്‍ക്കെതിരെ കേസ്​

ഷബീറിനെതിരെ നിലവിൽ 14 കേസുകൾ മഞ്ചേശ്വരം: ഉപ്പള ബേക്കൂര്‍ ശാന്തിഗുരി സ്വദേശി അല്‍ത്താഫിനെ (48) കൊലപ്പെടുത്തിയ സംഭ വത്തിൽ മരുമകന്‍ ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീനും സുഹൃത്തുക്കളായ നാലുപേര്‍ക്കുമെതിരെ കുമ്പള പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നേരത്തെ അല്‍ത്താഫിൻെറ ഭാര്യ ഫാത്വിമയുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. ചൊവ്വാഴ്ച അൽത്താഫ് മരണപ്പെട്ടതോടെയാണ് കൊലക്കുറ്റം അടക്കമുള്ള കൂടുതൽ വകുപ്പുകള്‍ ചേര്‍ത്തത്. പ്രതികളെ കണ്ടെത്താന്‍ കുമ്പള സി.ഐ രാജീവന്‍ വലിയവളപ്പിലിൻെറ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ചത് ബലേനോ, സ്വിഫ്റ്റ് കാറുകള്‍ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അഞ്ചുവര്‍ഷം മുമ്പാണ് ഷബീറും അല്‍ത്താഫിൻെറ വളർത്തുമകള്‍ സറീനയും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ പ്രണയിച്ച്‌ വിവാഹം കഴിച്ചത്. ഇവർക്ക് ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. എന്നാൽ, ലഹരിക്ക് അടിമയായ ഷബീർ സറീനയെ നിരന്തരം പീഡിപ്പിച്ചതോടെ നിയമപ്രകാരം വിവാഹമോചനം നേടി. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിക്കുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവർ രണ്ടാം വിവാഹം ഉപേക്ഷിച്ചു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. തലപ്പാടിയിലെ വാടകവീട്ടിലായിരുന്നു താമസം. അവിടെ വെച്ച്‌ വീണ്ടും പീഡനം തുടർന്നു. ഇതേക്കുറിച്ച് അയല്‍വാസികള്‍ വിവരം നല്‍കിയപ്പോഴാണ് അൽത്താഫ് മംഗളൂരുവിലെത്തി മകളെയും കുട്ടികളെയും ബേക്കൂരിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ഞായറാഴ്ച ഷബീറിനെതിരെ കുമ്പള പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിൻെറ വൈരാഗ്യത്തിലാണ് അന്നുരാത്രി തന്നെ അല്‍ത്താഫിനെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു. തിങ്കളാഴ്ച പുലർച്ച കൈഞരമ്പ് മുറിച്ചനിലയിൽ അൽത്താഫിനെ മംഗളൂരുവിലും ഉപേക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച 6.30ഓടെയാണ് മരിച്ചത്. മയക്കുമരുന്ന് കടത്ത് അടക്കം 14ഓളം കേസുകളില്‍ ഷബീർ പ്രതിയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.