തളിപ്പറമ്പ്: നീർത്തടാധിഷ്ഠിത വികസന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിൻെറ ഭാഗമായി നീർത്തട ഗ്രാമസഭ ശനിയാ ഴ്ച പരിയാരം പുളിയൂലിൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നീർത്തടാധിഷ്ഠിത വികസന പ്രവർത്തനങ്ങൾക്ക് മൂന്ന് കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കാൻ എം.എൽ.എ 800 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. അതിൻെറ അടിസ്ഥാനത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി നീർത്തടത്തിലും പരിയാരം പഞ്ചായത്തിലെ വായാട് നീർത്തടത്തിലുമാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയത്. ഈ പശ്ചാത്തലത്തിൽ നീർത്തടാധിഷ്ഠിത വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് പരിയാരം ഗ്രാമപഞ്ചായത്തിൻെറ തീരുമാനം. അതോടനുബന്ധിച്ച പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി വായാട് നീർത്തടത്തിലെ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് നീർത്തട ഗ്രാമസഭ നടത്തും. ശനിയാഴ്ച വൈകീട്ട് നാലിന് പുളിയൂൽ സാംസ്കാരിക നിലയത്തിൽ നടക്കുന്ന പരിപാടിയിൽ ജയിംസ് മാത്യു എം.എൽ.എ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. രമ, വി.വി. പ്രകാശൻ, വി.പി. സന്തോഷ് കുമാർ, യു. ജനാർദനൻ, പി.പി. രാഗേഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.