അക്കിപ്പറമ്പ്​ യു.പി.എസിലെ സ്വന്തം മണിമാഷ്​ പടിയിറങ്ങി

തളിപ്പറമ്പ്: അധ്യാപകനെന്നതിലുപരി സ്കൂളിലെ പാഠ്യേതരപ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന അക്കിപ്പറമ്പ് യു.പി സ്കൂളിലെ മണിമാഷ് പടിയിറങ്ങി. 31 വർഷമായി അധ്യാപകനായി പ്രവർത്തിച്ച എം.ആർ. മണി ബാബു എന്ന കുട്ടികളുടെ മണിമാഷ് കഴിഞ്ഞ രണ്ടുവർഷമായി പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. സ്കൂളിലെ ഏതൊരു കാര്യത്തിനും സഹായിയായി മണിമാഷ് രംഗത്തുണ്ടാവുമായിരുന്നു. മേശയുടെയോ ബെഞ്ചിൻെറയോ കാലൊടിഞ്ഞാൽ ശരിയാക്കാനും വൈദ്യുതിയോ കുടിവെള്ളമോ മുടങ്ങിയാൽ ഇലക്ട്രീഷ്യനും പ്ലംബറുമായും മണിമാഷ് സജീവമായിരുന്നു. തൻെറ ബാഗിൽ പഠനോപകരണങ്ങൾക്കൊപ്പം ഇത്തരം അറ്റകുറ്റപ്രവൃത്തികൾക്കായുള്ള ഉപകരണങ്ങളും മാഷ് കരുതാറുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിലേക്കാവശ്യമായ പച്ചക്കറികൾ കുട്ടികളോടൊപ്പം സ്കൂൾവളപ്പിൽ നട്ടുനനച്ചുണ്ടാക്കാനും മണിമാഷ് ഒപ്പമുണ്ടാവും. തളിപ്പറമ്പ് ഉപജില്ലയിലെ സ്കൗട്ടിൻെറ ചുമതലയുണ്ടായിരുന്ന ഇദ്ദേഹം തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല രൂപംകൊണ്ടപ്പോൾ രണ്ടുവർഷം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല സെക്രട്ടറിയായും സ്കൂളുകളുടെ കോഓപറേറ്റിവ് സ്ഥാപനങ്ങളുടെ ചുമതലക്കാരനായും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ആലക്കോട് അരങ്ങത്താണ് താമസം. ഭാര്യ ജി. ബിന്ദു ആലക്കോട് എൻ.എസ്.എസ് ഹൈസ്കൂളിൽ അധ്യാപികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.