ആറളത്തെ പ്രളയത്തിൽ തകർന്ന കമ്പിവേലി പുന:സ്ഥാപിച്ചില്ല

കേളകം: പ്രളയത്തിൽ തകർന്ന ആറളം വന്യജീവി സങ്കേതത്തിലെ കമ്പിവേലി (റെയിൽ ഫെൻസിങ്) ഇനിയും പുന:സ്ഥാപിച്ചില്ല. വന്യജീവി സങ്കേതത്തിലെ പ്രതിരോധ സംവിധാനങ്ങൾ താറുമാറായതോടെ കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ തമ്പടിച്ച് സ്വൈരവിഹാരം നടത്തുകയാണ്. കോടികൾ മുടക്കി നിർമിച്ച ആനമതിൽ തകർത്തും കമ്പിവേലിക്കിടയിലൂടെയുമാണ് ആനകൾ ജനവാസ കേന്ദ്രത്തിൽ എത്തുന്നത്. കമ്പിവേലി പുന:സ്ഥാപിക്കാനോ ആനമതിൽ ബലവത്താക്കാനോ ഒരു നടപടിയും സർക്കാർ തലത്തിൽ ഉണ്ടാവാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നതായി ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തരമായി ഉണർന്നുപ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വളയംചാലിലെ വന്യജീവി സങ്കേതം ആസ്ഥാനവും കാട്ടാന ഭീഷണിയിലാണ്. വളയംചാലിൽ ചീങ്കണ്ണിപ്പുഴയുടെ തീരത്തെ വേലിയാണ് കഴിഞ്ഞ ആഗസ്റ്റിലെ പ്രളയത്തിൽ തകർന്നത്. അതിശക്തമായ കുത്തൊഴുക്കിൽ, വേലിസ്ഥാപിച്ച കോൺക്രീറ്റ് സ്ലാബടക്കം മറിഞ്ഞ് വീഴുകയായിരുന്നു. വന്യജീവി സങ്കേതത്തിൽനിന്ന് ഫാമിലേക്കും പുനരധിവാസ മേഖലയിലേക്കും ചീങ്കണ്ണിപ്പുഴ വഴി ആന കടന്നുവരുന്നത് തടയാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച കമ്പിവേലി ഉപകാരപ്രദമായിരുന്നുവെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഓഫിസ് പരിസരത്തെ ഈ വേലി വളയംചാലിലുള്ള വന്യജീവി സങ്കേതം ഓഫിസുകളിൽ പ്രവർത്തിക്കുന്നവർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയിരുന്നു. തകർന്ന വേലി പുന:സ്ഥാപിക്കുന്നതിനായി ആറളം വന്യജീവി സങ്കേതം ആസ്ഥാനത്തുനിന്ന് നേരത്തെ തന്നെ ശിപാർശ നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.