തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി ആക്ഷേപം. ഇരിട്ടി ഉളിക്കലിലെ യുവതിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തെത്തുടർന്ന് ഗർഭിണിയും കുടുംബവും ഇരിട്ടിയിലേക്ക് മടങ്ങി. ഇരിട്ടി ഉളിക്കൽ മണിപ്പാറയിൽ കുഞ്ഞഹമ്മദിൻെറ മകൾ റൗഫത്തിനാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടത്. പ്രസവത്തിനായി ഡോക്ടർ പറഞ്ഞതുപ്രകാരം യുവതിയെ നാലിന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. അഞ്ചിന് ശസ്ത്രക്രിയ ഉണ്ടാവുമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ യുവതിയുടെ വയറ് കഴുകി ഓപറേഷൻ തിയറ്ററിൽ കയറ്റി. എന്നാൽ, ഉച്ചയായിട്ടും ശസ്ത്രക്രിയ നടത്തിയില്ല. ഉച്ചകഴിഞ്ഞ് യുവതിയുടെ ഭർത്താവ് അലിയാരും ബന്ധുക്കളും അന്വേഷിച്ചപ്പോൾ ശസ്ത്രക്രിയ ഇന്ന് നടത്താനാവില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് പറയുന്നു. തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞത്രെ. അനസ്തേഷ്യയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന കാരണമാണ് അധികൃതർ പറഞ്ഞത്. എന്നാൽ, യുവതിയുടെ വയർ കഴുകിയശേഷം ശസ്ത്രക്രിയ നടത്താനാവില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ ബന്ധുക്കൾ പ്രതിഷേധിച്ചു. അനസ്തേഷ്യ വേണമെന്ന കാര്യം ഡോക്ടർ നേരേത്ത അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തെ തുടർന്ന് ഗർഭിണിയെ തുടർചികിത്സക്കായി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. താലൂക്ക് ആശുപത്രിയിൽ നിർധന കുടുംബത്തിന് ചികിത്സ നിഷേധിക്കപ്പെട്ടത് അധികൃതരുടെ ചില സ്വാർഥ താൽപര്യങ്ങൾ കാരണമാണെന്നും ആക്ഷേപമുയരുന്നുണ്ട്. ആരോപണവിധേയയായ ഡോക്ടർ നേരേത്ത ചില രോഗികളെ ചികിത്സിക്കാൻ കഴിയില്ലെന്നു പറഞ്ഞ് തിരിച്ചയച്ച സംഭവവുമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.