പൊടിപടലത്തിൽ മുങ്ങി തലശ്ശേരിയിലെ ഡ്രൈവിങ് ടെസ്​റ്റ്​ ഗ്രൗണ്ട്

ഇവിടെ ടെസ്റ്റ് പാസാകാൻ പൊടിതിന്നണം! തലശ്ശേരി: തലശ്ശേരി ജോ. ആർ.ടി ഓഫിസ് വിപുലമായ കെട്ടിടത്തിലേക്ക് മാറിയെങ്കി ലും സ്വന്തമായി ടെസ്റ്റ് ഗ്രൗണ്ടില്ലാത്തത് ആളുകളെ വലക്കുന്നു. ഡ്രൈവിങ് സ്കൂളുകാരുടെ സംഘടനയുടെ അധീനതയിലുള്ള ചെറിയ മൈതാനത്താണ് ഇപ്പോൾ ഡ്രൈവിങ് ലൈസൻസിനുള്ള പ്രായോഗിക പരീക്ഷ നടത്തുന്നത്. ഇതാകെട്ട പൊടിപടലത്തിൽ മുങ്ങി ആളുകളെ ക്ഷമയുടെ നെല്ലിപ്പടി കാണിക്കുകയാണ്. നിശ്ചിത ദിവസങ്ങളിൽ രാവിലെ മുതൽ ഇവിടെ പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതിനാൽ പതിവായി ഡ്രൈവിങ് പഠിക്കാൻ സ്കൂളിലെത്തുന്ന പഠിതാക്കൾക്ക് പരിശീലന സൗകര്യവും നിഷേധിക്കപ്പെടുകയാണ്. മാത്രമല്ല, പ്രായോഗിക പരീക്ഷ സമയങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശൗചാലയമോ കുടിവെള്ളമോ ഇവിടെ ഒരുക്കിയിട്ടില്ല. ടെസ്റ്റ് ഗ്രൗണ്ടിന് സമീപം പ്രവർത്തിക്കുന്ന ജില്ലിക്കമ്പനിയിൽനിന്ന് കാറ്റിൽ അടിച്ചെത്തുന്ന പൊടിപടലം പരീക്ഷാർഥികൾക്കും ഉദ്യോഗസ്ഥർക്കും ശ്വാസകോശരോഗങ്ങൾ വരുത്തുന്നതായി പരാതിയുണ്ട്. വേനൽ ആരംഭിച്ചതു മുതൽ ഉയരുന്ന പൊടിപടലങ്ങൾ ഇപ്പോൾ കൂടുതൽ അലോസരമായിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ് പോകുന്നവർക്ക് പൊടിയിൽ കുളിച്ച അനുഭവമാണുള്ളത്. മഴക്കാലം തുടങ്ങിയാൽ ഗ്രൗണ്ട് മുഴുവൻ ചളിക്കുളമാകുമെന്ന ആശങ്കയുമുണ്ട്. തൊട്ടടുത്ത് പുഴയുള്ളതിനാൽ വർഷകാലം ഗ്രൗണ്ടിൽ വെള്ളം കയറുമെന്നും പരിസരവാസികൾ പറയുന്നു. ടെസ്റ്റ് ഗ്രൗണ്ടിൽ എത്താനുള്ള ഇടുങ്ങിയ വഴിയും വാഹനങ്ങൾക്ക് ദുഷ്കരമാണ്. പാർക്കിങ് സൗകര്യമില്ലാത്തതും പോരായ്മയായി നിഴലിക്കുന്നു. 5722 രൂപ വാടക നൽകിയിരുന്ന തലശ്ശേരി ടൗൺഹാൾ പരിസരത്തെ ഷോപ്പിങ് കോംപ്ലക്സ് ഒഴിവാക്കിയാണ് 60,000 രൂപ വാടക നൽകി ചോനാടം കിൻഫ്ര പാർക്ക് കെട്ടിടത്തിലേക്ക് ജോയൻറ് ആർ.ടി ഓഫിസ് പ്രവർത്തനം അടുത്തിടെ മാറ്റിയത്. എന്നാൽ, സൗകര്യപ്രദമായ ടെസ്റ്റ് ഗ്രൗണ്ട് സജ്ജീകരിക്കാൻ ഒാഫിസ് മാറ്റാൻ താൽപര്യമെടുത്തവർക്ക് സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.