പയ്യന്നൂർ: കണ്ടോന്താർ ചട്ടടി തറവാട്ടിൽ ഇക്കുറി തെരഞ്ഞെടുപ്പ് ആരവം കുറയും. എന്നാൽ, സംഘ്പരിവാറിനെ മാറ്റി കേന്ദ്രത്തിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ മുൻനിരയിൽനിന്ന് പ്രവർത്തിക്കുന്ന നേതാവിൻെറ സാന്നിധ്യം കൊണ്ട് അഭിമാനിക്കുകയാണ് തറവാടും നാടും. ചുവന്ന മണ്ണായ കണ്ണൂരിൽനിന്ന് തട്ടകം മാറി ആലപ്പുഴയിലെത്തിയശേഷം പരാജയം രുചിക്കാത്ത നേതാവാണ് കൊഴുമ്മൽ ചട്ടടി (കെ.സി) വേണുഗോപാൽ. കടന്നപ്പള്ളി പാർട്ടി ഗ്രാമമാണെങ്കിലും കെ.സിയെത്തിയത് കോൺഗ്രസിൽ. ലീഡർ കെ. കരുണാകരനിലൂടെയാണ് പയ്യന്നൂർ കോളജിലെ ഈ കെ.എസ്.യു നേതാവ് കോൺഗ്രസിൻെറ നേതൃത്വത്തിലെത്തിയത്. സംസ്ഥാനമന്ത്രി വരെയായ ഇദ്ദേഹം കോൺഗ്രസ് അഖിലേന്ത്യ നേതൃപദവിയിലെത്തിയതിനു പിന്നിലെ കാരണം ആലപ്പുഴയിലെ തുടർച്ചയായ വിജയത്തിൻെറ തിളക്കംതന്നെ. തെരഞ്ഞെടുപ്പു വിജയത്തിൻെറ രസതന്ത്രമറിയുന്നതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ സുപ്രധാന പൊതുതെരഞ്ഞെടുപ്പിൽ താക്കോൽസ്ഥാനമേൽപിക്കാൻ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ രാഹുൽ ഗാന്ധി തയാറായതും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും കോൺഗ്രസിൻെറ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതിൽ പ്രധാനിയാണ് ഈ പയ്യന്നൂരുകാരൻ. കെ.സി. വേണുഗോപാലിനെപ്പോലെ തട്ടകം മാറി ചരിത്രമെഴുതിയയാളാണ് എം.കെ. രാഘവനും. പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്തെ കുപ്പാക്കത്ത് തറവാട്ടിൽ ഇക്കുറിയും തെരഞ്ഞെടുപ്പാരവത്തിന് കുറവില്ല. വിപ്ലവഭൂമികയിൽനിന്നെത്തി ഇടതുപക്ഷത്തിൽനിന്ന് കോഴിക്കോട് പിടിച്ചെടുത്തു എന്നതിലും ഇരുവരും തമ്മിൽ സമാനതയുണ്ട്. ഇടതു തട്ടകത്തിലെത്തി തുടർച്ചയായി രണ്ടുതവണ ജയിച്ചു കയറിയതുതന്നെയാണ് മൂന്നാമങ്കത്തിനിറക്കാൻ നേതൃത്വത്തിന് മറിച്ചാലോചിക്കാതിരിക്കാൻ കാരണമായതും. കഴിഞ്ഞദിവസം തറവാട്ടിലെത്തി കുടുംബദേവതമാരിൽനിന്നും ബന്ധുക്കളിൽനിന്നും അനുഗ്രഹം വാങ്ങി തളിപ്പറമ്പ് രാജരാജേശ്വരനെയും പറശ്ശിനി മുത്തപ്പനെയും വണങ്ങിയാണ് എം.കെ. രാഘവൻ ഹാട്രിക് നേടാമെന്ന പ്രതീക്ഷയോടെ അങ്കത്തട്ടിലേക്ക് പോയത്. കഴിഞ്ഞതവണ മൂന്ന് എം.പിമാരെയാണ് പയ്യന്നൂരിന് ലഭിച്ചത്. എം.കെ. രാഘവനും കെ.സിക്കും പുറമെ കണ്ണൂർ എം.പി പി.കെ. ശ്രീമതിയാണ് മറ്റൊരാൾ. പയ്യന്നൂരിന് തൊട്ടടുത്ത ചെറുതാഴത്താണ് ശ്രീമതിയുടെ ദേശം. എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി സജീവമായി പ്രവർത്തിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പയ്യന്നൂരിൻെറ മറ്റൊരു സംഭാവന. 26ാം വയസ്സിൽ എൻ.എസ്.യു പ്രസിഡൻറായിരിക്കെ സി.പി.എം സീറ്റായ കാസർകോട് പിടിക്കാൻ ഇന്ദിര ഗാന്ധി ഏൽപിച്ചത് കടന്നപ്പള്ളിയെ. ഇ.കെ. നായനാരെ പരാജയപ്പെടുത്തി ദൗത്യം പൂർത്തിയാക്കിയ ചരിത്രം ഇദ്ദേഹത്തിനു സ്വന്തം. ഇപ്പോൾ കാസർകോടുനിന്ന് എൽ.ഡി.എഫിനുവേണ്ടി ജനവിധി തേടുന്ന കെ.പി. സതീഷ് ചന്ദ്രൻ പയ്യന്നൂരിന് തൊട്ടടുത്ത തൃക്കരിപ്പൂരുകാരനാണ് എന്നതാണ് മറ്റൊരു പ്രത്യേകത. രാഘവൻ കടന്നപ്പള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.