കേളകം: കേന്ദ്രത്തിലേയും കേരളത്തിലേയും സർക്കാറുകൾ കർഷകരെ അവഗണിക്കുകയാണെന്ന് തലശ്ശേരി അതിരൂപത മെത്രാൻ ജോർജ് ഞരളക്കാട്ട്. തലശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന കർഷക അവകാശപ്രഖ്യാപന പ്രക്ഷോഭത്തിെൻറ സമരപ്രഖ്യാപന വിളംബരജാഥയുടെ സമാപന സമ്മേളനം കേളകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ കർഷകർക്കുവേണ്ടി സംസാരിക്കുന്നവരാകണം. അവകാശങ്ങൾക്കുവേണ്ടി കർഷകരും പോരാടണം -അദ്ദേഹം പറഞ്ഞു. പേരാവൂർ ഫൊറോന വികാരി ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. ജാഥാ കൺവീനർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, അഖിലകേരള കത്തോലിക്കാ കോൺഗ്രസ് (എ.കെ.സി.സി) ഡയറക്ടർ ഫാ. മാത്യു ആശാരിപറമ്പിൽ, ജനറൽ സെക്രട്ടറി ചാക്കോച്ചൻ കാരമയിൽ, ചെട്ടിയാംപറമ്പ് ഇടവക വികാരി മനോജ് --------ഒറ്റപ്പാക്കൽ--------, എ.കെ.സി.സി പേരാവൂർ മേഖല ഡയറക്ടർ ഫാ. തോമസ് കീഴാരം, ബെന്നി പുതിയാംപുറം, അഡ്വ. ബിനോയ് തോമസ്, ഫാ. വിപിൻ തെക്കേടത്ത് തുടങ്ങിയവർ സംസാരിച്ചു. റബറിന് 250 രൂപയും കശുവണ്ടിക്ക് 150 രൂപയും മിനിമം വില ഉറപ്പാക്കുക, വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കുക, വിദ്യാഭ്യാസ വായ്പകൾ പൂർണമായും എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങുന്നയിച്ച് മാർച്ച് നാലിന് കാസർകോട്ടുനിന്നായിരുന്നു ജാഥ തുടങ്ങിയത്. കണ്ണീരൊഴുക്കുന്ന കർഷകർ എന്നപേരിൽ േമയ്മാസത്തിൽ കലക്ടേററ്റ് പടിക്കലാണ് അവകാശപ്രഖ്യാപന പ്രക്ഷോഭം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.