ഇരിട്ടി ടൗൺ റോഡ് വികസനം; അർബൻ സ്​ട്രീറ്റ് രൂപരേഖ സ്വീകരിക്കും

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തി​െൻറ ഭാഗമായുള്ള ഇരിട്ടി ടൗൺ വികസനത്തിൽ അർബൻ സ്ട്രീറ്റ് ഡിസൈൻ മാതൃക സ്വീകരിക്കും. ഇതിനായി തിരുവനന്തപുരത്ത് ലോകബാങ്ക്, കെ.എസ്.ടി.പി, കൺസൽട്ടൻസി പ്രതിനിധികളുടെ യോഗം അന്തർദേശീയ നഗര വികസന വിദഗ്ധൻ ടോണി മാത്യുവി​െൻറ അധ്യക്ഷതയിൽ ചേർന്നു. യു.കെ ആസ്ഥാനമായുള്ള ട്രാഫിക് റിസർച് ലബോറട്ടറിയുടെ ഇന്ത്യ കൺട്രി മാനേജറും സീനിയർ ട്രാൻസ്പോർട്ട് സ്പെഷലിസ്റ്റുമായ ടോണി മാത്യു കെ.എസ്.ടി.പി അവതരിപ്പിച്ച പ്രാഥമിക രൂപരേഖയിൽ ചേർക്കേണ്ട പുതിയ കാര്യങ്ങളും നിർദേശങ്ങളും കൈമാറി. ഒരാഴ്ചക്കുള്ളിൽ അന്തിമ രൂപരേഖ തയാറാക്കും. പ്രവൃത്തികൾ നടത്തുന്നതിനു മുന്നോടിയായി എം.എൽ.എയും നഗരസഭ അധികൃതരും ഉൾപ്പെടുന്നവരുടെ യോഗം വിളിച്ച് ഇരിട്ടിക്കായി തയാറാക്കിയ അർബൻ സ്ട്രീറ്റ് മാതൃക രൂപരേഖ പ്രദർശിപ്പിക്കും. കേരളത്തിൽ ആദ്യമായാണ് അർബൻ സ്ട്രീറ്റ് ഡിസൈൻ മാതൃകയിൽ നഗരവികസനം നടപ്പാക്കുന്നത്. ഇത്, സംസ്ഥാനത്ത് തുടർന്ന് നടത്തേണ്ട നഗരങ്ങളുടെ വികസന മാതൃകയാക്കാനും ലക്ഷ്യമിടുന്നു. ടൗൺ വികസനരംഗത്തെ നൂതന ആശയമാണിത്. കാൽനടക്കാർക്കും വാഹനം കാത്തുനിൽക്കുന്നവർക്കും പാതയോരങ്ങളിൽ കൂടുതൽ സമയം കാത്തുനിൽക്കേണ്ടിവരുന്ന യാത്രക്കാർക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പാത നിർമാണ രീതിയാണ് 'അർബൻ സ്ട്രീറ്റ് ഡിസൈൻ'. റോഡുകളിൽ വാഹനങ്ങൾക്ക് പോകാനുള്ള നിശ്ചിത ഭാഗം വിട്ട് ബാക്കിയുള്ള പാതയോരം മുഴുവൻ വളരെ ഭംഗിയായി അതതു പ്രദേശത്തി​െൻറ പ്രകൃതിക്കും ജനജീവിതത്തിനും അനുയോജ്യമായി കലാസൃഷ്ടി പോലെ വികസിപ്പിക്കും. ബസ്ബേകൾ, വാഹനങ്ങൾക്ക് പാർക്കുചെയ്യാനുള്ള പ്രേത്യകം ഭാഗങ്ങൾ, വാഹനങ്ങൾ കാത്തുനിൽക്കുന്നവർക്ക് വിശ്രമിക്കാനുള്ള ബെഞ്ചുകളും തണൽ നൽകുന്ന കലാപരവും പ്രകൃതിക്കനുയോജ്യവുമായ പച്ചപ്പുകളും വാട്ടർ ഫൗണ്ടനുകളും ചെറിയ പുൽപരപ്പുകളും ഇലക്ട്രോണിക് ടോയ്ലറ്റുകളും മിനി ഉദ്യാനങ്ങളും വാഹന പാർക്കിങ് ഏരിയകളും അടങ്ങിയതാണ് ഈ രൂപരേഖ. ഇരിട്ടി ടൗണിലെ പ്രധാന പാതക്ക് 30 മുതൽ 60 മീറ്റർ വരെ വീതിയുള്ളതാണ് ഏറ്റവും അനുകൂല ഘടകമായത്. ഇരിട്ടി ടൗൺ വികസനത്തിൽ അർബൻ സ്ട്രീറ്റ് ഡിസൈൻ സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ കെ.എസ്.ടി.പിക്കു നേരത്തെ നൽകിയ കത്തും ലോകബാങ്കി​െൻറ റോഡ് സുരക്ഷാ വിദഗ്ധൻ സോണി തോമസ് ഉളിക്കൽ നൽകിയ ശിപാർശയും അംഗീകരിച്ചാണ് നടപടി. രൂപരേഖ തയാറാക്കാനായി കെ.എസ്.ടി.പിയാണ് ടോണി മാത്യുവി​െൻറ സഹായം തേടിയത്. ഇന്നലത്തെ യോഗത്തിൽ സോണി തോമസും കൺസൽട്ടൻസി കമ്പനി റസിഡൻറ് എൻജിനീയർ ശശികുമാറും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.