ജില്ല ആശുപത്രി സൂപ്പറാക്കും ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കിയാൽ ബി.എസ്.എൻ.എല്ലിന് അവാർഡ് കണ്ണൂർ: ജില്ല ആശ ുപത്രിയുടെ അഞ്ചുനില സൂപ്പർ സ്‌പെഷാലിറ്റി കെട്ടിട സമുച്ചയ നിർമാണം ഒരുവർഷം കൊണ്ട് പൂർത്തിയാക്കിയാൽ കൺസൾട്ടൻസിയായ ബി.എസ്.എൻ.എല്ലിന് അവാർഡ് നൽകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 61.72 കോടി രൂപ ചെലവിൽ നിർമിക്കുന്ന സൂപ്പർ സ്പെഷാലിറ്റി െകട്ടിടത്തിെൻറ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രണ്ടു വർഷമാണ് കരാർ പ്രകാരമുള്ള കാലാവധി. പ്രവൃത്തി നടക്കുന്ന കാലയളവിൽ നേരിടുന്ന ബുദ്ധിമുട്ടുകളുമായി എല്ലാവരും സഹകരിക്കണമെന്ന് അവർ പറഞ്ഞു. ജില്ല ആശുപത്രി മാസ്റ്റർ പ്ലാനിന് 76 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കിഫ്ബിക്ക് സമർപ്പിച്ചത്. അതിൽ 61.72 കോടി ആദ്യഘട്ടത്തിൽ അനുവദിച്ചു. ആധുനിക ഉപകരണത്തിനും മറ്റുമായി കൂടുതൽ പണം ലഭിക്കും. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിെൻറയും സർജിക്കൽ ബ്ലോക്കിെൻറയും നവീകരണവും മാസ്റ്റർ പ്ലാനിലുണ്ട്. ആശുപത്രിക്കകത്തെ സഞ്ചാര സൗകര്യം മെച്ചപ്പെടുത്തും. അത്യന്താധുനിക ഓപറേഷൻ തിയറ്ററുകൾ, കേന്ദ്രീകൃത ഓക്‌സിജൻ പ്ലാൻറ്, നവീകരിച്ച ഒ.പി കാത്തിരിപ്പു കേന്ദ്രം എന്നിവ ഒരുക്കും. ഹൈടെൻഷൻ വൈദ്യുതി ലൈൻ വലിക്കാൻ സൗകര്യമുണ്ടാവും. ഇതിനുപുറമെയാണ് ഗൈനക്കോളജി വിഭാഗത്തിനായി 'ലക്ഷ്യ' പദ്ധതിയും 5.5 കോടി രൂപ ചെലവിൽ ലെവൽ ത്രീ ട്രോമകെയർ സംവിധാനവും നടപ്പാക്കുന്നത്. ആവശ്യമെങ്കിൽ ഇനിയും ഡയാലിസിസ് യൂനിറ്റുകൾ നൽകും. മോർച്ചറി നവീകരിച്ചു. കുട്ടികളുടെ പുതിയ വാർഡ് വരാൻ പോവുന്നു. എൻ.സി.ഡി ക്ലിനിക് അമൃതം ആരോഗ്യത്തിെൻറ ഭാഗമായി തുടങ്ങിയിട്ടുണ്ട്. ഈ സർക്കാർ 13 തസ്തിക ജില്ല ആശുപത്രിക്കായി സൃഷ്ടിച്ചു. കേൻറാൺമെൻറ് നൽകിയ സഹകരണത്തിന് മന്ത്രി നന്ദി അറിയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ ചീഫ് എൻജിനീയർ സഞ്ജയ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ ഇ.പി. ലത, ജില്ല കലക്ടർ മീർ മുഹമ്മദ് അലി എന്നിവർ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ജയബാലൻ, ടി.ടി. റംല, ജില്ല പഞ്ചായത്തംഗം ജാനകി ടീച്ചർ, കേൻറാൺമെൻറ് ബോർഡ് വൈസ് പ്രസിഡൻറ് കേണൽ പത്മനാഭൻ, കേൻറാൺമെൻറ് ബോർഡ് മെംബർ ഷീബ അക്തർ, ഡോ. കെ.വി. ലതീഷ്, കേൻറാൺമെൻറ് ബോർഡ് സി.ഇ.ഒ ഡോ. രോഹിത്ത് സിങ് മലാൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.