ശബരിമലയിലെ പൊലീസ്​ നടപടിയെ ന്യായീകരിച്ച്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിവിധി വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാതെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ നടപടി വീണ്ടും സര്‍ക്കാര്‍ തുടരുകതന്നെ ചെയ്യും. ക്ഷേത്രദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അതിനുള്ള സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാറി​െൻറ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ഇടപെടലാണ് സര്‍ക്കാറി​െൻറ ഭാഗത്തുനിന്നുണ്ടാകുന്നത്. എന്നാല്‍, സുപ്രീംകോടതി വിധി അനുസരിച്ച് ദര്‍ശനത്തിന് എത്തുന്ന ചിലരെ ഒരുകൂട്ടം ആളുകള്‍ തടയുകയും നിയമം കൈയിലെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം ഘട്ടങ്ങളില്‍ അതിനെ മറികടന്ന് സ്ത്രീകളുടെ ക്ഷേത്രദര്‍ശനം സാധ്യമാക്കുന്നതിനും ശബരിമലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തനമാണ് പൊലീസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അയ്യപ്പദര്‍ശനത്തിന് എത്തിച്ചേരുന്നവര്‍ക്ക് അതിനുള്ള സൗകര്യം ലഭിക്കേണ്ടത് അവരുടെ അവകാശം എന്ന നിലയിലാണ് കാണേണ്ടത്. ഈ അവകാശം സംരക്ഷിക്കുന്നതി‍​െൻറ ഭാഗമായി ക്ഷേത്രദര്‍ശനത്തിന് വരുന്നവര്‍ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ ആരാധന സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാന്‍പറ്റുന്ന ഒന്നല്ല എന്ന ചരിത്രമുണ്ട്. ജാതിമത ഭേദമന്യേ പ്രവേശനം അനുവദിച്ചിടത്ത് മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കോടതിവിധിയുടെ ഭാഗമായി ഇപ്പോള്‍ വന്നിട്ടുള്ളത്. വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ ഏറെ ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ ശബരിമലയെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും സര്‍ക്കാറിന് അംഗീകരിക്കാനാവില്ല. അതിനാല്‍ എല്ലാ വിശ്വാസികള്‍ക്കും അയ്യപ്പദര്‍ശനം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.