ചെറുപുഴ: ടൂര്‍ പാക്കേജില്‍ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഖത്തർ മലയാളികളിൽനിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളിൽ ഒരാൾ അറസ്റ്റില്‍. ചെറുപുഴക്കടുത്ത് അരിയിരുത്തിയിലെ അലവേലില്‍ ഷമീം മുഹമ്മദിനെയാണ് (28) ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണിയാൾ. ഒന്നാം പ്രതിയും ഷമീമിെൻറ സഹോദരനുമായ ഷമീര്‍ മുഹമ്മദ്, ചെറുപുഴ കോസ്മോ ടൂര്‍സ് ആൻഡ് ട്രാവല്‍സിലെ ഷിജാദ് എന്നിവര്‍ ഒളിവിലാണ്. 2017 നവംബര്‍ മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവിൽ ഖത്തറിൽനിന്ന് കേരളത്തിലേക്കും തിരിച്ചും ടൂര്‍ പാക്കേജില്‍ ഉൾപ്പെടുത്തി കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് തരപ്പെടുത്തിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പണം തട്ടിയത്. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മലയാളികൾ ഉൾപ്പെട്ട സാമൂഹിക സേവന കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവരുടെ തട്ടിപ്പിനിരയായതിൽ ഏറെയും. ഇക്കഴിഞ്ഞ അവധിക്ക് കേരളത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാത്തതോടെ തട്ടിപ്പു പുറത്താവുകയായിരുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പ്രതികൾ വ്യാജ ടിക്കറ്റുകൾ തയാറാക്കിയും യാത്രക്കാരെ പറ്റിച്ചതായി പറയുന്നു. കോഴിക്കോട്, നെടുമ്പാശ്ശേരി വിമാന ത്താവളങ്ങളിലേക്കായിരുന്നു ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. ഒന്നരക്കോടിയോളം രൂപ ഇത്തരത്തിൽ തട്ടിച്ചെടുത്തതായി കരുതുന്നു. പയ്യോളി സ്വദേശികളായ പാലക്കുനി യൂനുസ്, നജീബ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് ചെറുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച വൈകീട്ട് നാേലാടെ ചെറുപുഴ ബസ്റ്റാൻഡില്‍നിന്നാണ് ഷമീം മുഹമ്മദ് അറസ്റ്റിലായത്. ചെറുപുഴ എസ്.ഐ എം.എന്‍. ബിജോയി, സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍മാരായ ഇ.വി. വിനോദ് കുമാര്‍, കെ. പ്രകാശന്‍, രതീഷ് കുന്നൂല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.