സി.കെ.എ. ജബ്ബാർ കണ്ണൂർ: ആരോഗ്യവകുപ്പ് പ്രളയബാധിത പ്രദേശങ്ങളിൽ സേവനത്തിന് താൽക്കാലികമായി നിയോഗിക്കാൻ നിശ്ചയിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അനർഹരായ 22 പേർ നുഴഞ്ഞുകയറാൻ ശ്രമിച്ചു. സൂക്ഷ്മപരിശോധനയിൽ ഇവരുടെ സർട്ടിഫിക്കറ്റിൽ അയോഗ്യത കണ്ടെത്തുകയായിരുന്നു. ആഗസ്റ്റ് 26ന് ആരോഗ്യ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച താൽക്കാലിക നിയമന ഉത്തരവ് പട്ടികയിൽനിന്ന് ഇവരെ നീക്കംചെയ്ത് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ പ്രത്യേക ഉത്തരവിറക്കി. പ്രളയബാധിത പ്രദേശങ്ങളിൽ സേവനത്തിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ഒരുമാസത്തേക്ക് നിയമിക്കാനാണ് നിശ്ചയിച്ചിരുന്നത്. ആഗസ്റ്റ് 29 മുതൽ െസപ്റ്റംബർ 27വരെയാണ് നിയമനം. സാധാരണ ആരോഗ്യവകുപ്പിൽ ഇത്തരം താൽക്കാലിക നിയമനങ്ങൾ നേടിയവർ രാഷ്ട്രീയസ്വാധീനത്താൽ സ്ഥിരപ്പെടാറുണ്ട്. ഇത്തവണ 900 പേരെയാണ് മാസം 23,565 രൂപ പ്രതിഫലത്തിൽ താൽക്കാലികമായി നിയമിച്ചത്. ഇതിനായി ആരോഗ്യവകുപ്പിന് രണ്ടേകാൽകോടി രൂപ െചലവ് വരും. നിയമനം താൽക്കാലികമാണെന്നും സ്ഥിരനിയമനത്തിനുവേണ്ടി വാദിക്കുകയില്ലെന്നും സത്യപ്രസ്താവന എഴുതിവാങ്ങിയിരുന്നു. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ആണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്. പ്രളയസാഹചര്യത്തിൽ ആഗസ്റ്റ് 19ന് ഇറങ്ങിയ ഉത്തരവനുസരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ 900 പേരെ ആരോഗ്യവകുപ്പ് ഇൻറർവ്യൂ ചെയ്ത് നിയമിച്ചു. ഇവരുടെ സർട്ടിഫിക്കറ്റ് സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 22 പേർ അനർഹരാണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ ഇറക്കിയ റദ്ദാക്കൽ ഉത്തരവിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, തൃശൂർ 120, ഇടുക്കി, കോഴിക്കോട് 90 വീതം, എറണാകുളം, പാലക്കാട്, മലപ്പുറം 72, പത്തനംതിട്ട, വയനാട് 60, കണ്ണൂർ 24 എന്നിങ്ങനെയാണ് ജൂനിയർഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.