തലശ്ശേരി: മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട സഹജീവികള്‍ക്ക് വീട് പണിയാന്‍ സ്ഥലം ദാനം ചെയ്യാനുള്ള മനസ്സുമായി അഭിഭാഷകൻ. തലശ്ശേരി ജില്ല കോടതിയിലെ സീനിയർ അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.കെ. വിജയനാണ് ഒേരക്കര്‍ സ്ഥലം നല്‍കാമെന്ന് ഏറ്റിട്ടുള്ളത്. കണ്ണൂര്‍ താലൂക്കിലെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കണാരംവയലിലും മാനന്തവാടി താലൂക്കില്‍ തൊണ്ടര്‍നാട് പഞ്ചായത്തില്‍ കോറോം ചാലിലുമായുള്ള 50 സെൻറ് വീതം സ്ഥലമാണ് പ്രളയബാധിതര്‍ക്കായി നല്‍കുന്നത്. 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്ഥലമാണിത്. പ്രളയബാധിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനുള്ള സര്‍ക്കാര്‍പദ്ധതിയില്‍ സ്ഥലം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനും ഇദ്ദേഹം കത്തയച്ചു. കഴിയുന്നിടത്തോളം പട്ടികജാതി-വര്‍ഗ വിഭാഗത്തിന് സ്ഥലം അനുവദിക്കണമെന്ന താല്‍പര്യവും കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. മഹാഭാരതം-സുയോധനപര്‍വം, മഹാഭാരതം-ആര്യാവര്‍ത്തം തുടങ്ങിയ നോവലുകളുടെ കര്‍ത്താവാണ് ഇദ്ദേഹം. കിടപ്പാടവും ജീവിതവും നഷ്ടപ്പെട്ടവര്‍ക്ക് തികഞ്ഞ അഭിമാനത്തോടെയാണ് സ്ഥലം നല്‍കുന്നതെന്ന് അഡ്വ. പി.കെ. വിജയന്‍ പറഞ്ഞു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കണാരംവയല്‍ സ്വദേശിയാണ്. ദീര്‍ഘകാലമായി തലശ്ശേരി ഹോളോവേ റോഡിലെ കുയ്യിലാനിക്കല്‍ ഹൗസിലാണ് താമസം. കെ. ഉഷയാണ് ഭാര്യ. മക്കള്‍: അനൂയ വിജയന്‍ (എന്‍ജിനീയര്‍, ചെന്നൈ), ഡോ. ബിന്ദ്യ വിജയന്‍ (ബംഗളൂരു).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.