കണ്ണൂർ: പ്രളയക്കെടുതിയിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിനായി ജില്ലക്ക് അനുവദിച്ച 1.85 കോടി രൂപയിൽ 1.83 കോടി രൂപയും വിതരണം ചെയ്തു. കലക്ടറേറ്റിൽനിന്ന് വിവിധ താലൂക്കുകളിലേക്കാണ് തുക നൽകിയത്. മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായമായി 20 കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതവും അനുവദിച്ചു. ജില്ലയിൽ 28 പേർക്കാണ് കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടമായത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്കുള്ള 10,000 രൂപ ധനസഹായം 31 കുടുംബങ്ങൾക്കും കലക്ടറേറ്റിൽനിന്ന് വിതരണം ചെയ്തു. ഇരിട്ടി താലൂക്കിലെ 26 കുടുംബങ്ങൾക്കും തളിപ്പറമ്പ് താലൂക്കിലെ അഞ്ചു കുടുംബങ്ങൾക്കുമായാണ് തുക അനുവദിച്ചത്. കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരത്തുകയും വിതരണം ചെയ്തുതുടങ്ങി. കൃഷിവകുപ്പുവഴി ഇതുവരെ ജില്ലക്ക് അനുവദിച്ച 3.49 കോടി രൂപയിൽ 2.30 കോടി രൂപയും എസ്.ഡി.ആർ.എഫ് വഴി കലക്ടർ അനുവദിച്ച 2.9 ലക്ഷം രൂപയുമായി ആകെ 2.33 കോടി രൂപയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ഇതിനകം നൽകിയത്. മുൻവർഷങ്ങളിലെ കൃഷിനാശത്തിെൻറ തുക ഉൾപ്പെടെയാണിത്. അനുവദിച്ചതിൽ ബാക്കിയുള്ള തുകയുടെ വിതരണവും ഈ ആഴ്ചയോടെ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ മറിയം ജേക്കബ് അറിയിച്ചു. എസ്.ഡി.ആർ.എഫിൽ ജില്ല കലക്ടർക്ക് സമർപ്പിച്ച െക്ലയിം പ്രകാരമുള്ള നഷ്ടപരിഹാരവും താമസിയാതെ വിതരണം ചെയ്യാൻ കഴിയുമെന്നും അവർ അറിയിച്ചു. േമയ് 28 മുതൽ ആഗസ്റ്റ് 31വരെയായി ഈ വർഷത്തെ കാലവർഷത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലുമായി ജില്ലയിൽ ആകെ 27.---808---- കോടിയുടെ കൃഷി നാശമുണ്ടായതായാണ് കണക്കാക്കിയിരിക്കുന്നത്. 993.3 ഹെക്ടറിൽ കൃഷിനാശമുണ്ടായി. 8639 കർഷകരെയാണ് ഇത് ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.