ജനപ്രിയമേറി ജില്ലയിലെ പൊതുവിദ്യാഭ്യാസ രംഗം

കണ്ണൂർ: ജില്ലയിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് ജനപ്രിയമേറുന്നു. സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച 'പൊൻകതിർ' എക്‌സിബിഷനിലാണ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്, കണക്കുകൾ പുറത്തു വിട്ടത്. 2017-18 അധ്യയനവർഷത്തിൽ മുൻവർഷത്തേക്കാൾ 11 ശതമാനം കുട്ടികൾ പൊതുവിദ്യാഭ്യാസരംഗം തെരഞ്ഞെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ വർധന കണ്ണൂർ ജില്ലയിലാണ്. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തി​െൻറ അടിസ്ഥാനത്തിലാണ് കണക്ക് തയാറാക്കിയത്. ഉയർന്ന ക്ലാസുകളിൽ എത്തുന്തോറും അൺ എയ്ഡഡ് സ്‌കൂളുകളുടെ എണ്ണത്തിലുള്ള കുറവുമൂലം കുട്ടികൾ എയ്ഡഡ്, സർക്കാർ സ്‌കൂളുകളെ ആശ്രയിക്കാറുണ്ടെങ്കിലും ഇപ്പോൾ ഒന്നാം ക്ലാസിലെ പ്രവേശനത്തിൽതന്നെ വർധന ദൃശ്യമാകുന്നുണ്ട്. സംസ്ഥാന സർക്കാറി​െൻറ പരിപാടികൾ ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്ന കാര്യത്തിൽ ജില്ല ഏറെ മുന്നിലാണെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക്, ആസൂത്രണം, നഗരാസൂത്രണം എന്നീ മൂന്ന് വകുപ്പുകൾ ചേർന്ന ആസൂത്രണ സമിതി സെക്രേട്ടറിയറ്റ് ഒരുക്കിയ സ്റ്റാളിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നെൽകൃഷിയുടെ വിസ്തൃതിയിൽ 10 ശതമാനം വർധന വരുത്തിയപ്പോൾ കണ്ണൂർ ജില്ലയിൽ 11 ശതമാനത്തിലേറെ വർധനയുണ്ടായി. 4671 ഹെക്ടറിൽനിന്ന് കേവലം ഒരുവർഷംകൊണ്ട് 5190 ഹെക്ടർ എന്ന നേട്ടം കൈവരിക്കാൻ ജില്ലക്ക് കഴിഞ്ഞു. നെല്ലിനു പുറെമ കശുവണ്ടിയാണ് ജില്ലയിൽ ഏറെ പ്രാധാന്യത്തോടുകൂടി കൃഷിചെയ്യുന്നത്. സംസ്ഥാനത്തെ കശുവണ്ടി കൃഷിയുടെ ആകെ വിസ്തൃതിയുടെ 46.59 ശതമാനവും ജില്ലയിലാണ്. മുൻ വർഷം ഇത് 45.88 ശതമാനമായിരുന്നു. ശ്രദ്ധിക്കപ്പെടാതെ പോകുന്ന, രസകരവും പ്രയോജനപ്രദവുമായ സ്ഥിതിവിവരക്കണക്കുകൾ ജനശ്രദ്ധയിൽപെടുത്തുന്നതിനായി രസകരമായ ചോദ്യോത്തര പരിപാടികളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.