കര്‍ണാടക തെരഞ്ഞെടുപ്പിന് വനത്തിലും പോളിങ്​ സ്​റ്റേഷന്‍

ചെറുപുഴ: കര്‍ണാടക ശനിയാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ വോട്ടര്‍മാരെ സ്വീകരിക്കാന്‍ ഇങ്ങ് കേരള അതിര്‍ത്തിയില്‍ വനത്തിനുള്ളിലുമുണ്ട് ഒരു പോളിങ് സ്‌റ്റേഷന്‍. കർണാടക വനത്തിലെ മുണ്ടറോട്ട് ഫോറസ്റ്റ് ഓഫിസാണ് 56 വോട്ടര്‍മാര്‍ക്ക് വേണ്ടി മാത്രം പോളിങ് സ്‌റ്റേഷനായി പ്രവർത്തിക്കുന്നത്. വീരാജ്‌പേട്ട നിയോജകമണ്ഡലത്തിലെ ഒമ്പതാം നമ്പര്‍ പോളിങ് സ്റ്റേഷനാണിത്. മുന്താരി, മീനഞ്ചേരി, നെടുമല, കോട്ടഞ്ചേരി, ചേന്നാട്ട്‌കൊല്ലി, കരിക്കോട്ടുമല, മനഗുണ്ഡിമല, വെട്ടംപാറ എന്നീ പ്രദേശങ്ങളാണ് ഈ പോളിങ് സ്റ്റേഷനു കീഴിലുള്ളത്. പ്രദേശത്തെ 60 താമസക്കാരില്‍ 56 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവിടെ പോളിങ് സ്റ്റേഷന്‍ തയാറാക്കാറുണ്ട്. എന്നാല്‍, വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ മാത്രമേ വോട്ടുചെയ്യാന്‍ എത്താറുള്ളൂ. കനത്ത സുരക്ഷാസന്നാഹങ്ങളും ഇവിടെ ഒരുക്കാറുണ്ട്. കേരള അതിര്‍ത്തിയില്‍ ആദ്യമായി രൂപേഷ് ഉള്‍പ്പെടുന്ന മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ച വനമേഖലയാണിത്. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ടൗണില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെ കാര്യങ്കോട് പുഴയോട് ചേര്‍ന്നാണ് പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന ഫോറസ്റ്റ് ഓഫിസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.