കാസർകോട്: വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കമായിരുന്ന കാസർകോട് ജില്ലയിൽ . അസൗകര്യങ്ങളും ബാലാരിഷ്ടതകളും ഉണ്ടെങ്കിലും സർക്കാർ അധീനതയിലും എയ്ഡഡ്, അൺ എയ്ഡഡ് തലത്തിലും ജില്ലയിൽ കോളജുകൾ ഉയർന്നുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് മംഗളൂരു, ഉഡുപ്പി, സുള്ള്യ മേഖലകളിലേക്ക് പോകുന്ന വിദ്യാർഥികളിൽ ഗണ്യമായ വിഭാഗത്തെ ജില്ലയിൽതന്നെ പിടിച്ചുനിർത്താൻ ഇൗ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഏറെ പരാധീനതകൾ ഉണ്ടെങ്കിലും ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനും കേന്ദ്ര സർവകലാശാല വന്നതോടെ ലോകനിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം ജില്ലയിൽ എത്തിക്കഴിഞ്ഞു. കേന്ദ്ര മെഡിക്കൽ കോളജ് എന്ന സ്വപ്നം യാഥാർഥ്യമാകുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാസർകോട് ജില്ല ലോക നെറുകയിലെത്തും. കണ്ണൂർ സർവകലാശാല, സാേങ്കതിക സർവകലാശാല, ആരോഗ്യ സർവകലാശാല, കാർഷിക സർവകലാശാല എന്നിവയുടെ കോളജുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ അംഗീകാരത്തോടെ എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളും പ്രവർത്തിക്കുന്നു. ഗവ. കോളജ് കാസർകോട്, എളേരിത്തട്ട് ഇ.കെ നായനാർ, ഉദുമ ഗവ. കോളജ്, മഞ്ചേശ്വരം ഗോവിന്ദപൈ എന്നിങ്ങനെ നാല് ആർട്സ് ആൻഡ് സയൻസ് കോളജുകൾക്ക് പുറമെ കാഞ്ഞങ്ങാട് നെഹ്റു കോളജ്, രാജപുരം സെൻറ് പയസ് കോളജ് എന്നിങ്ങനെ രണ്ട് എയ്ഡഡ് കോളജുകളും ജില്ലയിലുണ്ട്. ഇവക്കുപുറമെ 20 അൺ എയ്ഡഡ് കോളജുകളും കണ്ണൂർ സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്നു. 50 സീറ്റുകളുള്ള ആയുർവേദ കോളജും 100 സീറ്റുകളുള്ള ഡെൻറൽ കോളജുമുണ്ട്. ആയിരത്തോളം സീറ്റുകളുമായി അഞ്ച് എൻജിനീയറിങ് കോളജുകൾ ജില്ലയിലുണ്ട്. എൽ.ബി.എസ് എൻജിനീയറിങ് കോളജാണ് ഏറ്റവും വലുത്. 400 സീറ്റുകളാണ് എൽ.ബി.എസിലുള്ളത്. 110 സീറ്റുകളുള്ള രണ്ട് എം.ബി.എ കോളജുകളാണ് ജില്ലയിലുള്ളത്. 160 സീറ്റുകളുള്ള മൂന്ന് നഴ്സിങ് കോളജുകൾ അൺ എയ്ഡഡ് മേഖലയിലുണ്ട്. കണ്ണൂർ സർവകലാശാലക്ക് കീഴിൽ നാല് അറബിക് കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 280 സീറ്റുകൾ വിവിധ കോഴ്സുകളിലായുണ്ട്. 120 സീറ്റുകളുള്ള രണ്ട് ഫാർമസി കോളജുകളും ജില്ലയിലുണ്ട്. മൂന്ന് ബി.എഡ് ട്രെയിനിങ് കോളജുകളിലായി 300 സീറ്റുകളുമുണ്ട്. ഇതിനു പുറമെ മറ്റ് സർവകലാശാലകളുമായി അഫിലിയേഷനുള്ള നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.