പരിസ്ഥിതി വിനാശം ഉണ്ടാക്കുന്ന പാത കീഴാറ്റൂരിന് വേണ്ട -കുമ്മനം തളിപ്പറമ്പ്: പരിസ്ഥിതി വിനാശം ഉണ്ടാക്കുന്നതരത്തിൽ കീഴാറ്റൂരിലെ പാടശേഖരങ്ങൾ മണ്ണിട്ട് നികത്തി പാത നിർമിക്കുന്നത് നിർത്തിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നാട്ടുകാരുടെ പരാതികളും ആശങ്കകളും മുഴുവൻ കേട്ടശേഷമേ പാത സംബന്ധിച്ച് തീർപ്പുകൽപിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കീഴാറ്റൂര്‍ വയലില്‍ പരിസ്ഥിതി പഠനത്തിനെത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ജോണ്‍ തോമസിന് നിവേദനം നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് ഹരിതകേരളത്തെപ്പറ്റി പറയുകയും മറുവശത്ത് വയലുകളും പാടശേഖരങ്ങളും മണ്ണിട്ട് നികത്തുകയും ചെയ്യുന്നത് എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്ന് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. നേരത്തെയുള്ള അലൈന്‍മെൻറ് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന് പിറകില്‍ ആരുടെ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കണം. കീഴാറ്റൂരില്‍ വയല്‍നികത്തിത്തന്നെ ബൈപാസ് പണിയണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിട്ടില്ല. അലൈന്‍മെൻറ് മാറ്റില്ലെന്ന് പറഞ്ഞത് ഏത് അലൈന്മെൻറിനെക്കുറിച്ചാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പരിസ്ഥിതി സെല്‍ ഭാരവാഹി ഇന്ദുചൂഢനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.