തളിപ്പറമ്പ്: ദേശീയപാത ബൈപാസിനായി വയൽ നികത്തുന്നതിനെതിരെ സമരം നടക്കുന്ന കീഴാറ്റൂരിൽ കേന്ദ്ര പരിസ്ഥിതിസംഘത്തിെൻറ നേതൃത്വത്തിൽ തെളിവെടുപ്പ് തുടങ്ങി. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം സതേൺ സോണൽ റിസർച്ച് ഒാഫിസർ ജോൺ തോമസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കീഴാറ്റൂരിലെത്തിയത്. കീഴാറ്റൂർ സമരനേതാവ് സുരേഷ് കീഴാറ്റൂർ, ബി.െജ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിനിധികളെത്തിയത്. സുരേഷ് കീഴാറ്റൂർ, കുമ്മനം രാജശേഖരൻ എന്നിവരിൽനിന്ന് മൊഴിയെടുത്തു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ പ്രദേശത്തെത്തിയ സംഘം വയലും പരിസരവും വിശദമായി നടന്നുകണ്ടു. തുടർന്ന് െഎക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച സമരപ്പന്തലിൽവെച്ച് വിവിധ സന്നദ്ധസംഘടനകളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും പരാതികൾ കേട്ടു. ജില്ല പരിസ്ഥിതി സമിതി, സീക്ക് തുടങ്ങിയ സംഘടനയുടെ പ്രതിനിധികളുമെത്തിയിരുന്നു. സമാനാനുഭവങ്ങളുള്ള ജില്ലയിലെ മറ്റു പ്രദേശങ്ങളും പരിശോധിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കീഴാറ്റൂർ ബൈപാസുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് വില്ലേജ് ഒാഫിസ്, തളിപ്പറമ്പ് നഗരസഭ, തളിപ്പറമ്പ് താലൂക്ക് ഒാഫിസ് എന്നിവിടങ്ങളിലെത്തി സംഘം രേഖകൾ പരിശോധിച്ചു. വൈകീട്ട് അഞ്ചുമണിയോടെയാണ് കീഴാറ്റൂരിലെ പരിശോധനകൾ അവസാനിപ്പിച്ചത്. ഇന്നും തെളിവെടുപ്പ് തുടരും. രാവിലെ ഒമ്പതിന് കീഴാറ്റൂരിലെത്തുന്ന സംഘം കുടിയൊഴിയേണ്ടിവരുന്നവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നാണ് അറിയുന്നത്. തുടർന്ന് ഉച്ചക്ക് രണ്ടുമണിയോടെ കണ്ണൂർ കലക്ടറേറ്റിൽ എം.എൽ.എമാരും എം.പിയും സംബന്ധിക്കുന്ന യോഗംചേരും. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യോഗത്തിൽ വിശദമായ ചർച്ച നടക്കും. ഇന്ന് മടങ്ങുന്ന സംഘം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും. നിർമൽ സാദ്, എം.എസ്. ഷീബ എന്നീ ഉദ്യോഗസ്ഥരും ജോൺ തോമസിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.