എസ്​.എസ്​.എൽ.സി: ജില്ലയിൽ വൻ മുന്നേറ്റം 97.01 ശതമാനം വിജയം

കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് വൻ മുന്നേറ്റം. 97.01 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ 94.77 ശതമാനം വിജയത്തിൽനിന്നാണ് ഈ മുന്നേറ്റം. ജില്ലയിൽ നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 49ൽനിന്ന് 70ലേക്ക് ഉയർന്നു. ഇത്തവണ ആൺകുട്ടികളാണ് പരീക്ഷാഫലത്തിൽ മുന്നിട്ടുനിൽക്കുന്നത്. പരീക്ഷയെഴുതിയ 19,261 കുട്ടികളിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ 18,686ൽ 9649 പേർ ആൺകുട്ടികളും 9037പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിൽനിന്ന് 10,287 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽനിന്ന് 6788 കുട്ടികളും അൺഎയ്ഡഡിൽനിന്ന് 1616 കുട്ടികളും ഉപരിപഠനയോഗ്യത നേടി. മൂന്നു വിഭാഗങ്ങളിലും ആൺകുട്ടികളാണ് കൂടുതൽ വിജയിച്ചത്. ജില്ലയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1319 കുട്ടികളാണ്. കാഞ്ഞങ്ങാട് ഉപജില്ലയിൽ പരീക്ഷയെഴുതിയ 8721 വിദ്യാർഥികളിൽ 8574 പേർ വിജയിച്ചു. 98.31 ശതമാനം വിജയം നേടിയ കാഞ്ഞങ്ങാട് ഉപജില്ലയിൽ 890 പേർ മുഴുവൻ എ പ്ലസ് നേടി. 10,540 പേർ പരീക്ഷയെഴുതിയ കാസർകോട് ഉപജില്ലയിൽ 10,112 പേർ വിജയിച്ചു. 95.94 ശതമാനമാണ് വിജയം. മുഴുവൻ എ പ്ലസ് നേടിയവർ 429. സംസ്ഥാനതലത്തിൽ കഴിഞ്ഞതവണ ജില്ലക്ക് ലഭിച്ച 12ാം സ്ഥാനവും നിലനിർത്താനായി. കഴിഞ്ഞവർഷം ജില്ലയില്‍ 94.77 ശതമാനമായിരുന്നു വിജയം. 19,811 വിദ്യാർഥികള്‍ പരീക്ഷയെഴുതിയതില്‍ 18,774 പേര്‍ ഉപരിപഠന അര്‍ഹത നേടി. 812 പേർ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 49 സ്‌കൂളുകള്‍ 100 ശതമാനം വിജയവും നേടിയിരുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലക്ക് 97.61 ശതമാനവും കാസര്‍കോട് വിദ്യാഭ്യാസജില്ലക്ക് 92.36 ശതമാനവുമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.