ബൈപാസിന് ഭൂമി ഏറ്റെടുക്കുന്നതിൽ ജാതിവിവേചനം -ഗീതാനന്ദൻ കണ്ണൂർ: ബൈപാസിന് ഭൂമി ഏറ്റെടുക്കുന്നതിൽ ജാതിവിവേചനമുണ്ടെന്ന് ദലിത് ആദിവാസി നേതാവ് എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കണ്ണൂർ പാപ്പിനിശ്ശേരിയിലെ തുരുത്തിയിൽ 25ഒാളം കുടുംബങ്ങൾ കുടിയിറക്ക് ഭീതിയിലാണ്. ടൂറിസം സാധ്യതയും റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലും കാരണം മൂന്നാമത്തെ അലെയിൻമെൻറിലാണ് കോളനി ഉൾപ്പെട്ടത്. പരിസ്ഥിതിദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കുന്ന കോളനിക്കാരെ തുരത്തുക എന്ന ലക്ഷ്യത്തിലാണ് അലെയിൻമെൻറ് പുതുക്കി കുടിയൊഴിപ്പിക്കാൻ നോക്കുന്നതെന്നും ഗീതാനന്ദൻ കുറ്റപ്പെടുത്തി. രണ്ടാമത്തെ അലെയിൻമെൻറിൽ സി.പി.എം നേതാവ് ഇ.പി. ജയരാജെൻറയും ബന്ധുക്കളുടെയും വീടും സ്ഥലവും ഉൾപ്പെട്ടിരുന്നു. അതിനാലാണ് കോളനി കൂടി ഉൾപ്പെട്ട പുതിയ അലെയിൻമെൻറിൽ സർവേ നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും സമരസഹായസമിതി ദലിത് നേതാക്കൾ ആരോപിച്ചു. പുതിയ അലെയിൻമെൻറ് പ്രകാരം 500 മീറ്ററിനുള്ളിൽ നാലു വളവുകൾ വരുന്നുണ്ട്. ഇതിൽ ഒരു വളവ് നിവർത്തിയാൽ കോളനിവാസികളെ കുടിയൊഴിപ്പിക്കേണ്ടിവരില്ല. ദേശീയപാത നിർമാണത്തിൽ വളവുകൾ പാടില്ല എന്നത് സർക്കാർ തീരുമാനവുമാണ്. നിർമാണച്ചെലവും ഇരകൾക്ക് നൽകേണ്ട നഷ്ടപരിഹാരവും ഉൾപ്പെടെ ഇതുവഴി സർക്കാർ ഖജനാവിന് കോടികൾ ലാഭിക്കാം. എന്നാൽ, 25ഒാളം കുടുംബങ്ങളെ കുടിയിറക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ. ഇതോടെയാണ് തുരുത്തിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. മേയ് ഏഴിന് പാപ്പിനിശ്ശേരി പഞ്ചായത്ത് ഒാഫിസിലേക്ക് ബഹുജന മാർച്ചും ഒാഫിസിനു മുന്നിൽ ധർണയും നടത്തും. തുടർന്ന് മുഴുവൻ സമുദായ സംഘടന നേതാക്കളെയും അണിനിരത്തി കലക്ടറേറ്റ് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. സമരസഹായസമിതി കൺവീനർ കെ. നിഷിൽകുമാർ, പ്രഭാകരൻ നാറാത്ത്, പി. നാരായണൻ, സി. രാജീവൻ പഴഞ്ചിറ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.