കൂത്തുപറമ്പ്: സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി. പിണറായി പുത്തൻകണ്ടത്തെ പ്രനൂബ് ബാബുവാണ് കൂത്തുപറമ്പ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. റിമാൻഡ് ചെയ്ത പ്രതിയെ കണ്ണൂർ സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. സി.പി.എം പ്രവർത്തകനായിരുന്ന വാളാങ്കിച്ചാലിലെ കുഴിച്ചാലിൽ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 13ാം പ്രതിയാണ് പ്രനൂബ് ബാബു. 2016 ഒക്ടോബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സി.പി.എം പാതിരയാട് ലോക്കൽ കമ്മിറ്റി അംഗവും വളാങ്കിച്ചാലിലെ കള്ളുഷാപ്പ് ജീവനക്കാരനുമായിരുന്ന മോഹനനെ കാറിലെത്തിയ സംഘം ഷാപ്പിനകത്ത് കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 13 ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നത്. പ്രനൂബ് ബാബു ഒഴികെയുള്ള മറ്റു പ്രതികളെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ കേസിൽ ഉൾപ്പെട്ട പ്രതികൾ എല്ലാവരും കോടതി മുമ്പാകെ ഹാജരായി. തലശ്ശേരി സി.ഐ പ്രദീപൻ കണ്ണിപ്പൊയിലിനെ ആക്രമിച്ചതുൾപ്പെടെയുള്ള കേസിൽ പ്രതിയാണ് പ്രനൂബ് ബാബു എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.