കുമ്പള: പെർവാഡ് ഫിഷറീസ് കോളനിയിൽ 38 കുടുംബങ്ങളിലെ നൂറുകണക്കിനാളുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ഒരു കുഴൽക്കിണറിനെയാണ്. ഒരു പൊതുകിണർ കൂടിയുണ്ടെങ്കിലും മഴ നിലക്കുന്നതോടെ ജലനിരപ്പ് പെട്ടെന്ന് താഴും. പിന്നീട് കിണറിൽനിന്ന് 300 മീറ്ററോളം അകലെയുള്ള ടാങ്കിലേക്ക് വെള്ളം കയറാതാകും. തുടർന്ന് കോളനിക്കാരുടെ ദുരിതം ആരംഭിക്കും. അത്യാവശ്യത്തിന് വെള്ളം കോരിയെടുക്കാം. അതും എല്ലാ കുടുംബങ്ങൾക്കും തികയില്ല. നിലവിൽ കുഴൽക്കിണറിൽ വെള്ളമുണ്ടെങ്കിലും രണ്ടാഴ്ച കഴിയുമ്പോൾ മുഴുവനായും വറ്റുമെന്ന് കോളനിവാസികൾ പറയുന്നു. ഇപ്പോൾ കുഴൽക്കിണറിൽനിന്നുള്ള വെള്ളം ടാങ്കിലേക്ക് കയറാത്തതിനാൽ ഓരോ വീട്ടുകാരും ഓരോ ബാരലുകൾ കൊണ്ടുവന്ന് മോട്ടോറിൽനിന്ന് ബാരലിൽ വെള്ളം നിറച്ചാണ് ഉപയോഗിക്കുന്നത്. ജനുവരി മാസത്തോടെ കുഴൽക്കിണറിൽ ജലനിരപ്പ് താഴുന്നതിനാൽ നിലവിലുള്ള ഒരു കുതിരശക്തി മാത്രമുള്ള പമ്പിന് വെള്ളം ടാങ്കിലെത്തിക്കാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടത്രെ. ആയതിനാൽ വെള്ളം ലഭ്യമാകുന്നിടത്തോളം കാലം ദുരിതമൊഴിവാക്കുന്നതിന് രണ്ട് കുതിരശക്തിയുള്ള മോട്ടോർപമ്പ് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഏപ്രിൽ-മേയ് മാസങ്ങളിൽ കിണറിലും കുഴൽക്കിണറിലും വെള്ളം പൂർണമായും വറ്റുന്നതിനാൽ കുടിവെള്ളത്തിന് പുതിയ സംവിധാനങ്ങളും ഇവിടെ കൊണ്ടുവരേണ്ടതുണ്ട്. കോളനിയിലെ കുടിവെള്ളപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ കുമ്പള ഗ്രാമപഞ്ചായത്തിനോട് നിരവധിതവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അധികൃതർ ഈ ആവശ്യം ചെവിക്കൊണ്ടില്ലത്രെ. ഏപ്രിൽ-മേയ് മാസങ്ങളിൽ ലിറ്ററിന് അഞ്ചുരൂപ നിരക്കിൽ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുവരുന്ന കുടിവെള്ളം വിലയ്ക്ക് വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് കോളനിയിലെ സ്ത്രീകൾ പറയുന്നു. ഒരു പുതിയ കുഴൽക്കിണർ കുഴിച്ച് അതിലേക്ക് നല്ല ശക്തിയുള്ള ഒരു മോട്ടോർ സ്ഥാപിച്ചാൽ മാത്രമേ പ്രദേശത്തെ കുടിവെള്ളപ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.