അച്ചാംതുരുത്തിക്ക് വേണം ഒത്തിരി ജീവജലം

ചെറുവത്തൂർ: പഞ്ചായത്തിലെ പടിഞ്ഞാറൻ ദ്വീപായ അച്ചാംതുരുത്തിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വേനൽ കനത്തതോടെ കുടിവെള്ളവിതരണവും താറുമാറായി. ജലവിതരണ അതോറിറ്റി, രാജീവ് ഗാന്ധി ദശലക്ഷം കുടിവെള്ള പദ്ധതി എന്നിവ വഴിയാണ് ഈ പ്രദേശത്തിന് കുടിവെള്ളം ലഭ്യമാകുന്നത്. കൈതക്കാട് കുളങ്ങാട്ട് മലക്കരികിലാണ് ഈ കുടിവെള്ളപദ്ധതിയുടെ കിണറും ടാങ്കും സ്ഥിതിചെയ്യുന്നത്. കിണറിൽ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് ദ്വീപിലേക്കുള്ള കുടിവെള്ളവിതരണം താറുമാറാക്കിയത്. ഊണും ഉറക്കവുമുപേക്ഷിച്ച് കുടിവെള്ളത്തിനായി കാത്തിരിക്കേണ്ട ഗതികേടാണ് ഇവിടത്തുകാർക്ക്. പടിഞ്ഞാറെ മാട്, ഈച്ചിരെ മാട്, കത്ത്യ​െൻറ മാട്, പുറത്തെ മാട് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് അച്ചാംതുരുത്തി ദ്വീപ്. 465 കുടുംബങ്ങളാണിവിടെയുള്ളത്. നഞ്ച് കയറുന്ന പ്രദേശമായതിനാൽ കിണർജലം ഉപയോഗിക്കാൻ കഴിയില്ല. കുളിക്കാനും മറ്റു പ്രാഥമികാവശ്യങ്ങൾക്കും തോടുകളിലെ വെള്ളത്തെയാണ് നാട്ടുകാർ ആശ്രയിച്ചിരുന്നത്. ഭൂരിഭാഗവും തോടുകളിലെ വെള്ളവും ഉപ്പ് കലർന്നതാണെങ്കിലും അൽപം ഉപയോഗയോഗ്യമായ തോടുകളിലെ വെള്ളമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. വേനൽ രൂക്ഷമാകുന്നതോടെ ഇതും വരണ്ടുണങ്ങി. ജനകീയ കൂട്ടായ്മയിലൂടെ പുരുഷ സ്വയംസഹായ സംഘം പ്രവർത്തകർ തോടുകൾ ശുചീകരിച്ചു. കാട് പിടിച്ചും ഉപ്പുവെള്ളം കയറിയും നാശമായവ കണ്ടെത്തി ശുചീകരിച്ച് ഇതിലെ വെള്ളം ഉപയോഗിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇവിടത്തുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.