എ.കെ. ഹാരിസ് കണ്ണൂർ: കീഴാറ്റൂരിൽ സമരത്തിനെതിരായ പൊലീസ് നടപടി ബംഗാളിൽ നന്ദിഗ്രാം സമരത്തിനെതിരായ പൊലീസ് നടപടിയുടെ വാർഷികദിനത്തിൽ. 2007 മാർച്ച് 14നായിരുന്നു നന്ദിഗ്രാമിൽ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരായ സമരത്തെ ബുദ്ധദേബ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് നേരിട്ടത്. 11 വർഷത്തിനിപ്പുറം കീഴാറ്റൂരിൽ കൃഷിഭൂമി സംരക്ഷിക്കാനിറങ്ങിയ സമരക്കാരെ പൊലീസ് നേരിടുേമ്പാൾ രണ്ടും തമ്മിൽ സമാനതകളുണ്ട്. രണ്ടിടത്തും പാർട്ടി കുടുംബങ്ങളും പാർട്ടിയുടെ സർക്കാറും തമ്മിലാണ് ഏറ്റുമുട്ടൽ. നന്ദിഗ്രാമിലും കീഴാറ്റൂരിലും വയൽസംരക്ഷണമാണ് സമരക്കാർ മുന്നോട്ടുവെച്ച മുദ്രാവാക്യം. വികസനമുടക്കികളെന്ന് വിളിച്ചാണ് ഇരുസമരത്തെയും സി.പി.എം സർക്കാറുകൾ നേരിട്ടത്. നന്ദിഗ്രാമിൽ പൊലീസ് െവടിവെപ്പിൽ 14 പേരാണ് കൊല്ലപ്പെട്ടത്. കീഴാറ്റൂരിൽ സമരക്കാർ ആത്മാഹുതി ഭീഷണി മുഴക്കിയെങ്കിലും ആളപായമൊന്നുമില്ല. നന്ദിഗ്രാമിലും മറ്റും കർഷകസമരത്തെ ബലംപ്രയോഗിച്ച് അടിച്ചമർത്തിയ തീരുമാനം പിഴച്ചുെവന്നും പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണമായെന്നും പിന്നീട് സി.പി.എം നേതൃത്വം വിലയിരുത്തിയതാണ്. എന്നാൽ, കീഴാറ്റൂർസമരത്തോട് തുടക്കംമുതൽ ഉരുക്കുമുഷ്ടിനയമാണ് കണ്ണൂരിലെ പാർട്ടി നേതൃത്വം സ്വീകരിച്ചത്. ദേശീയപാതാവികസനത്തിന് നേരത്തേ തയാറാക്കിയ അലൈൻമെൻറ് മാറ്റിയാണ് കീഴാറ്റൂർവഴി ബൈപാസ് നിർമിക്കാനുള്ള തീരുമാനം വന്നത്. ഇൗ മാറ്റത്തിന് പിന്നിലെ താൽപര്യം സംബന്ധിച്ച് പല ആക്ഷേപങ്ങളും ഉയരുന്നുണ്ട്. കീഴാറ്റൂരിലും പരിസരത്തുമായി ഭൂമാഫിയ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നതാണ് ഒന്ന്. വയൽവഴി റോഡ് നിർമിക്കാൻ ധാരാളമായി മണ്ണ് വേണം. അത് മുന്നിൽക്കണ്ട് മേഖലയിലെ ചില കുന്നുകൾ ഭൂമാഫിയ വാങ്ങിയിട്ടുമുണ്ട്. ഇവർക്ക് പാർട്ടിയും സർക്കാറുമായുള്ള ബന്ധമാണ് സർക്കാറിെൻറ കർക്കശനിലപാടിന് പിന്നിലെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള പാർട്ടി ഗ്രാമമാണ് കീഴാറ്റൂർ. വയൽ നികത്തി റോഡ് നിർമിക്കുന്നതിന് എതിരായ സമരം നയിക്കുന്ന 'വയൽക്കിളികൾ' കൂട്ടായ്മയിലും പാർട്ടി അനുഭാവികളുണ്ട്. എന്നിട്ടും സർക്കാറും പാർട്ടിയും സമരക്കാർക്ക് എതിരാകുന്നത് റിയൽ എസ്റ്റേറ്റ് താൽപര്യമാെണന്നാണ് സമരക്കാരുടെ നിലപാട്. നേരത്തേയുള്ള അലൈൻമെൻറ് പ്രകാരം ഇരുനൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിേക്കണ്ടിവരുമെന്നും വീട് നഷ്ടപ്പെടുന്നവരുടെ ആവശ്യം കണക്കിലെടുത്താണ് നെൽവയൽ ഏറ്റെടുക്കേണ്ടിവന്നതെന്നുമാണ് സി.പി.എമ്മിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.