കൂത്തുപറമ്പ്: 71ാം വയസ്സിലും സ്വന്തം പുസ്തകവുമായി വായനക്കാരെ തേടിയിറങ്ങിയിരിക്കുകയാണ് കൂത്തുപറമ്പ് നിർമലഗിരിയിലെ കുറ്റ്യൻ വത്സൻ. അഞ്ചു വർഷം മുമ്പ് സ്വന്തമായി പ്രസിദ്ധീകരിച്ച 'പ്രണയം' എന്ന നോവലാണ് വത്സൻ കടകൾ തോറും കയറി വിൽപന നടത്തുന്നത്. പ്രാരബ്ദങ്ങൾക്കിടയിൽ നാലാം ക്ലാസുവരെ മാത്രേമ വത്സന് പഠിക്കാൻ സാധിച്ചിരുന്നുള്ളൂ. ചെറുപ്പത്തിൽ ബീഡിക്കമ്പനിയിലായിരുന്നു ജോലി. പിന്നീട് ക്ഷേത്രങ്ങളിൽ വളയും മാലയും പുസ്തകങ്ങളും വിൽക്കലായിരുന്നു പ്രധാന തൊഴിൽ. ഒഴിവുസമയങ്ങളിൽ വിൽപനക്കുെവച്ച പുസ്തകങ്ങൾ വായിച്ചാണ് കഥയെഴുതാനുള്ള പ്രേരണയായത്. ഏതാനും വർഷംമുമ്പ് സ്വന്തം അനുഭവങ്ങൾ ഉൾക്കൊള്ളുന്ന 'പ്രണയം' എന്ന നോവൽ എഴുതിയെങ്കിലും പ്രസിദ്ധീകരിക്കാൻ സാധിച്ചിരുന്നില്ല. പ്രസാധകനെയോ സ്പോൺസറേയൊ കണ്ടെത്താനാകാതെയാണ് കൈയെഴുത്ത് പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്നത്. പിന്നീട് കൂത്തുപറമ്പിലെ സ്വകാര്യ പ്രസ് ഉടമയുടെ സഹായത്തോടെയാണ് നോവൽ വെളിച്ചം കാണുന്നത്. 500 കോപ്പിയാണ് ആദ്യപതിപ്പായി പുറത്തിറങ്ങിയത്. ഇത് പൂർണമായും വിറ്റഴിച്ചശേഷം സഹകരണ പ്രസിെൻറ കാരുണ്യത്തിൽ രണ്ടാം പതിപ്പായി 1000 കോപ്പിയും പുറത്തിറക്കി. വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയാണ് സ്വന്തം പുസ്തകങ്ങളെല്ലാം വിറ്റുതീർക്കുന്നത്. നിർമലഗിരിയിലെ വാടകവീട്ടിലാണ് ഇപ്പോഴും അന്തിയുറങ്ങുന്നത്. കൂത്തുപറമ്പ് നഗരസഭ വീട് നിർമിച്ചുനൽകാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇനിയും യാഥാർഥ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.