കാട്ടുതീ: ഫയർ ഗ്യാങ്ങുകൾ ശക്​തിപ്പെടു​ത്തുന്നു

കണ്ണൂർ: കാട്ടുതീ ചെറുക്കുന്നതിനും കടുത്ത വേനലിൽ വനം സംരക്ഷിക്കുന്നതിനുമായി ജില്ല വനംവകുപ്പ് ഫയർ ഗ്യാങ്ങുകളെ ശക്തിപ്പെടുത്തുന്നു. ജില്ലയിലെ ഒമ്പത് സെക്ഷനുകളിലുമുള്ള നാലുവീതം ഫയർ ഗ്യാങ്ങുകളിൽ താൽക്കാലികമായി കൂടുതൽ വാച്ചർമാരെ ഉൾപ്പെടുത്തിയാണ് ഫോഴ്സിനെ ശക്തിപ്പെടുത്തുന്നത്. തീ കെടുത്തുന്നതിനും തീ പടരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഫയർ ബൗണ്ടറികൾ നിർമിക്കുന്നതിനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും. ഫയർ ബൗണ്ടറികൾ നിർമിക്കുന്നത് വേഗത്തിലാക്കാനും തീരുമാനിച്ചു. കൊരങ്ങിണി മലയിലുണ്ടായ തീപിടിത്തത്തിൽ ട്രക്കിങ്ങിന് പോയവർ കൊല്ലപ്പെട്ട സംഭവത്തി​െൻറ പശ്ചാത്തലത്തിലാണ് കൂടുതൽ ഒരുക്കങ്ങൾ നടത്തുന്നത്. ജില്ലയിൽ പുൽപ്രേദശങ്ങൾ കൂടുതലായി കാണപ്പെടുന്ന പാലക്കയം തട്ട്, വൈതൽമല, മഞ്ഞപ്പുല്ല്, കൊട്ടത്തലച്ചിമല എന്നിവിടങ്ങളിലും കണ്ണവം, ആറളം വനമേഖലകളിലുമാണ് കൂടുതൽ ഫയർ ഗ്യാങ്ങുകളെ ഉപയോഗപ്പെടുത്തുക. നിലവിൽ അറുപതോളം പേർ വാച്ചർമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നാൽ, ആവശ്യമുള്ളതിൽ എത്രയോ കുറവാണ് ഇവരുടെ എണ്ണം. അനധികൃതമായി കാട്ടിൽ കയറുന്നവരെ തടയാനും പരിശോധനകൾ നടത്താനും വാച്ചർമാരുടെ എണ്ണം കുറവുള്ളതുകാരണം പ്രയാസമനുഭവപ്പെടുന്നുണ്ട്. വനയാത്ര നടത്തുന്നവരും മറ്റും അശ്രദ്ധയോടെ ഇടപെടുന്നതിനാൽ തീ പടർന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനുകൂടി കൂടുതൽ വാച്ചർമാരെ നിയമിക്കുന്നതോടെ സാധിക്കും. ഇതിനുപുറമെ അപകടമൊഴിവാക്കുന്നതിനും തീപിടിത്ത സാധ്യതകൾ ഇല്ലാതാക്കുന്നതിനുമായി വനമേഖലകളിൽ ട്രക്കിങ്ങിന് താൽക്കാലിക നിരോധനമേർപ്പെടുത്തി. വൈതൽമല, കൊട്ടത്തലച്ചിമല, പാലക്കയംതട്ട് എന്നിവിടങ്ങളിലാണ് സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. വിലക്ക് ലംഘിച്ച് സന്ദർശനം നടത്തുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. വേനൽ നീളുന്നതിനനുസരിച്ച് നിരോധനവും നീളുമെന്നും വനംവകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.