കാസർകോട്: ജില്ലയുടെ വികസന പിന്നാക്കാവസ്ഥക്ക് കാരണം ഇടതുപക്ഷ സർക്കാറും ജില്ലയിൽനിന്നുള്ള ഇടത് ജനപ്രതിനിധികളുമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബെന്നി ബെഹനാൻ പറഞ്ഞു. പ്രഭാകരൻ കമീഷനിലൂടെ ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് യു.ഡി.എഫ് സർക്കാർ ആരംഭിച്ച പദ്ധതികൾക്ക് തുടർച്ച നൽകാൻ എൽ.ഡി.എഫ് സർക്കാർ തയാറായില്ല. എൻഡോസൾഫാൻ ദുരിതമേഖലകളെ മുഖ്യ അജണ്ടയാക്കി കൈകാര്യംചെയ്ത യു.ഡി.എഫിനുശേഷം ഇരകളെ സെക്രേട്ടറിയറ്റ് നടയിൽ സങ്കടസമരം ചെയ്യുന്നതിലേക്കെത്തിച്ചത് കഴിഞ്ഞ ഒന്നരവർഷക്കാലത്തെ ഇടതുഭരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലക്ക് യു.ഡി.എഫ് അനുവദിച്ച മെഡിക്കൽ കോളജിനെ മോർച്ചറിയിൽ സൂക്ഷിച്ച് ഏത് ലോബിക്ക് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പരിസരത്ത് ജില്ലയുടെ പിന്നാക്കാവസ്ഥക്കെതിരെ നടത്തിയ ധർണ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ അധ്യക്ഷതവഹിച്ചു. കെ.പി. കുഞ്ഞിക്കണ്ണൻ, പി. ഗംഗാധരൻ നായർ, കെ. നീലകണ്ഠൻ, പി.എ. അഷ്റഫ് അലി, എ.ജി.സി. ബഷീർ, പി.കെ. ഫൈസൽ, പി.ജി. ദേവ്, കെ.വി. ഗംഗാധരൻ, ശാന്തമ്മ ഫിലിപ്പ്, ഹരീഷ് പി. നായർ, കുഞ്ഞമ്പു നമ്പ്യാർ, എ. ഗോവിന്ദൻ നായർ, എ. ഗോവിന്ദൻ നായർ, സെബാസ്റ്റ്യൻ പതാലി, ടോമി പ്ലാച്ചേരി, കെ.വി. സുധാകരൻ, സാജിദ് മവ്വൽ, ബാലകൃഷ്ണൻ പെരിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.