പയ്യന്നൂർ: സർക്കാർമാത്രം വിചാരിച്ചാൽ വികസനം സാധ്യമാകില്ലെന്നും അതിന് ജനപങ്കാളിത്തം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ പയ്യന്നൂർ താലൂക്കിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹരിത കേരള മിഷനിൽ ഉൾപ്പെടുത്തി കിണറുകളും തോടുകളും പുഴകളും ഉൾപ്പെടെയുള്ള ജലാശയങ്ങൾ സംരക്ഷിക്കണം. ജനങ്ങളുടെ സഹകരണത്തോടെ മാത്രേമ ഇത് സാധ്യമാവുകയുള്ളൂ. ആരോഗ്യദായകമായ ഭക്ഷണത്തിന് ജൈവകൃഷി വ്യാപകമാക്കണം. കിഫ്ബിയിലൂടെ 50,000 കോടി രൂപ ചെലവഴിക്കാൻ അനുമതിനൽകിയത് നാടിെൻറ അഭിവൃദ്ധി ലക്ഷ്യമിട്ടാണ്. ജനങ്ങളുടെ അടുത്തേക്ക് കാര്യങ്ങൾ എത്തിക്കുകയാണ് സർക്കാർലക്ഷ്യം. ഇതിെൻറ ഭാഗമായാണ് പുതിയ താലൂക്കുകളും മറ്റ് സംവിധാനങ്ങളും. പയ്യന്നൂർ താലൂക്ക് നേരേത്ത വരേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവേശം ആകാശത്തോളം ഉയർന്ന ഉദ്ഘാടനവേദിയിലേക്ക് പറഞ്ഞസമയത്തിനും 15 മിനിറ്റ് മുമ്പേയെത്തിയ മുഖ്യമന്ത്രിയെ നീണ്ട കരഘോഷത്തോടെയാണ് ആയിരങ്ങൾ വരവേറ്റത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ശ്രീമതി എം.പി, ടി.വി. രാജേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, സബ് കലക്ടർ എസ്. ചന്ദ്രശേഖരൻ, പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത തുടങ്ങിയവർ സംബന്ധിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി റിപ്പോർട്ട് അവതരിപ്പിച്ചു. സി. കൃഷ്ണൻ എം.എൽ.എ സ്വാഗതവും എ.ഡി.എം മുഹമ്മദ് യൂസുഫ് നന്ദിയും പറഞ്ഞു. തളിപ്പറമ്പ് താലൂക്കിലെ 16 വില്ലേജുകളും കണ്ണൂർ താലൂക്കിലെ ആറു വില്ലേജുകളും ഉൾപ്പെടെ 22 വില്ലേജുകൾ ഉൾപ്പെടുന്ന പയ്യന്നൂർ താലൂക്ക് ഒാഫിസ് മിനി സിവിൽ സ്റ്റേഷെൻറ ഒന്നാം നിലയിലായിരിക്കും പ്രവർത്തിക്കുക. രണ്ടു തഹസിൽദാർമാരും ആറു െഡപ്യൂട്ടി തഹസിൽദാർമാരും ഉൾപ്പെടുന്ന താലൂക്ക് സമ്പൂർണ കടലാസുരഹിത ഇ-ഓഫിസായാകും പ്രവർത്തിക്കുക. ചടങ്ങിൽ ചിറ്റടി കോളനിയിലെ എട്ടു കുടുംബങ്ങൾക്ക് റവന്യൂമന്ത്രി പട്ടയം വിതരണം ചെയ്തു. താലൂക്ക് ഓഫിസിലെ സർട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയർമാന് ആദ്യ സർട്ടിഫിക്കറ്റ് നൽകി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. താലൂക്കിെൻറ സ്കെച്ച് കലക്ടർ മിർ മുഹമ്മദലി തഹസിൽദാർ തുളസീധരൻ പിള്ളക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.