പയ്യന്നൂർ താലൂക്ക് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പും കണ്ണൂർ താലൂക്കും വിഭജിച്ച് രൂപവത്കരിക്കുന്ന പയ്യന്നൂർ താലൂക്കി​െൻറ ഉദ്ഘാടനം ശനിയാഴ്ച ഉച്ച 2.30ന് പയ്യന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.പിമാരായ പി. കരുണാകരൻ, പി.കെ. ശ്രീമതി, എം.കെ. രാഘവൻ, എം.എൽ.എമാരായ സി. കൃഷ്ണൻ, ടി.വി. രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദലി എന്നിവർ സംസാരിക്കും. തളിപ്പറമ്പ് താലൂക്കിലെ രാമന്തളി, പയ്യന്നൂർ, വെള്ളൂർ, കോറോം, കരിവെള്ളൂർ, പെരളം, കാങ്കോൽ, ആലപ്പടമ്പ, എരമം, പെരുന്തട്ട, കുറ്റൂർ, വെള്ളോറ, പെരിങ്ങോം, വയക്കര, തിരുമേനി, പുളിങ്ങോം എന്നീ 16 വില്ലേജുകളും കണ്ണൂർ താലൂക്കിലെ കുഞ്ഞിമംഗലം, മാടായി, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ ആറു വില്ലേജുകളും അടക്കം 22 വില്ലേജുകൾ ഉൾപ്പെടുത്തിയാണ് പയ്യന്നൂർ താലൂക്ക് രൂപവത്കരിച്ചത്. താലൂക്ക് രൂപവത്കരണത്തിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ ചിരകാലസ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പയ്യന്നൂർ താലൂക്കിന് ആകെ 513.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. പുതിയ താലൂക്കിൽ 2011ലെ സെൻസസ് പ്രകാരം 3,50,836 ജനങ്ങൾ താമസിച്ചുവരുന്നുണ്ട്. ഇതിൽ 17,603 പട്ടികജാതിക്കാരും 2602 പട്ടികവർഗക്കാരുമാണ്. ഇത് ജനസംഖ്യയുടെ 5.76 വരും. മലയോര മേഖലകളായ പുളിങ്ങോം, ചെറുപുഴ, തിരുമേനി, പെരിന്തട്ട തുടങ്ങിയ വില്ലേജുകളിലാണ് പട്ടികവർഗക്കാർ കൂടുതലായും താമസിക്കുന്നത്. പയ്യന്നൂരിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലാണ് പുതിയ താലൂക്ക് ഒാഫിസ് പ്രവർത്തനമാരംഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.