കാസർകോട്: ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറിയ സർക്കാറുകൾ ജനതാൽപര്യം സംരക്ഷിക്കുന്നവരാകണമെന്ന് സാമൂഹിക പ്രവർത്തക ദയാബായി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കളവുപറഞ്ഞ് പറ്റിക്കാത്ത സമീപനമാണ് സർക്കാർ എടുക്കേണ്ടതെന്ന് അവർ പറഞ്ഞു. എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദയാബായി. ദുരിതബാധിതരെ ഇനിയുമൊരു സമരത്തിലേക്ക് വലിച്ചിഴക്കാൻ അവസരമുണ്ടാക്കരുതെന്ന് അവർ സർക്കാറിനെ ഓർമിപ്പിച്ചു. പ്രശ്നങ്ങളിൽ ഇടപെടാൻ യുവജനത തയാറാകണമെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. ജനകീയകൂട്ടായ്മയിൽ നടന്ന സംവാദത്തിൽ ഡോ. അംബികാസുതൻ മാങ്ങാട് മോഡറേറ്ററും അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷനുമായി. എം. രാജഗോപാലൻ എം.എൽ.എ, യുവജന നേതാക്കളായ കെ. മണികണ്ഠൻ, എം.എ. നജീബ്, മുനീർ കണ്ടാളം, സി.എ. യൂസഫ്, സാമൂഹിക പ്രവർത്തകരായ പി.പി.കെ. പൊതവാൾ, നാരായണൻ പേരിയ, പ്രഫ. വി. ഗോപിനാഥൻ, പി. മുരളിധരൻ, ഫാ. ജോസ്, ഇ. ഉണ്ണികൃഷ്ണൻ, പ്രേമചന്ദ്രൻ ചോമ്പാല, മോഹനൻ മാങ്ങാട് എന്നിവർ സംസാരിച്ചു. യുവജനങ്ങൾ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ ഒന്നിച്ചുനിൽക്കാൻ ജനകീയ കൂട്ടായ്മ ആഹ്വാനംചെയ്തു. അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സ്വാഗതവും ഗോവിന്ദൻ തയ്യാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.