കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കാസർകോട് കാമ്പസിൽ ട്രാൻസലേഷൻ ആൻഡ് കോമേഴ്സ്യൽ അറബിക് വിഷയത്തിൽ പി.ജി ഡിപ്ലോമയും തുളുഭാഷ പഠനത്തിൽ ഡിപ്ലോമയും ആരംഭിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സർവകലാശാലയിൽ കോഓപറേറ്റിവ് എൻറർപ്രൈസസ് ആൻഡ് ആൾട്ടർനേറ്റിവ് പൊളിറ്റിക്സ് സ്ഥാപനം ആരംഭിക്കും. ഇതിനായി 15 ലക്ഷം അനുവദിക്കാനും തീരുമാനിച്ചു. സർവകലാശാല രേഖകൾ ചോർത്തിയതുമായി ബന്ധപ്പെട്ട് നാലു ജീവനക്കാരുടെ ഇൻക്രിമെൻറ് മൂന്ന് വർഷത്തേക്ക് തടയും. ബി.സി.എ കോഴ്സുകളുടെ പരീക്ഷാഫീസ് മറ്റ് സയൻസ് ബിരുദ കോഴ്സുകളുടേതിന് സമാനമായി കുറക്കാൻ തീരുമാനിച്ചു. മാങ്ങാട്ടുപറമ്പിൽ നിർമാണം പൂർത്തിയാവുന്ന സർവകലാശാല സിന്തറ്റിക് ട്രാക്ക് സർക്കാർ-സർക്കാറിതര സ്ഥാപനങ്ങൾക്കും കായികാവശ്യങ്ങൾക്ക് അനുവദിക്കാൻ തീരുമാനിച്ചു. അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ ജേതാക്കളായവർക്ക് നൽകുന്ന കാഷ് അവാർഡ് വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ.കെ.അജയകുമാർ കൺവീനറും അഡ്വ. പി. സന്തോഷ് കുമാർ, ഡോ.വി.എ. വിൽസൺ, എം.സി. രാജു എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇൻറർ കൊളീജിയറ്റ് മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്ന കോളജുകൾക്ക് ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും ഓവറോൾ ട്രോഫിയും ഏർപ്പെടുത്തും. പരീക്ഷക്ക് ചോദ്യപേപ്പർ മാറി നൽകിയ കല്ലിക്കണ്ടി എൻ.എ.എം കോളജ്, കുമ്പള ഖൻസ വിമൻസ് കോളജ് അധികൃതരെ സർവകലാശാലയിൽ വിളിച്ചുവരുത്തി വിശദീകരണം തേടും. ബി.എ.എൽഎൽ.ബി കോഴ്സിലെ വിദ്യാർഥികൾക്ക് ഇേൻറണൽ അസസ്മെൻറിന് ഇംപ്രൂവ്മെൻറ് ചാൻസ് നൽകുന്ന കാര്യം പഠിക്കാൻ പരീക്ഷാ സ്ഥിരംസമിതിയെ ഏൽപിക്കാൻ തീരുമാനിച്ചു. ഏതെങ്കിലും കോഴ്സിൽ പ്രവേശനം നേടിയ ശേഷം പഠനം നിർത്തിപ്പോകുന്ന വിദ്യാർഥികൾക്ക് അവർ അടച്ച ഫീസുകൾ യു.ജി.സി മാർഗ നിർദേശ പ്രകാരമുള്ള നിരക്കുകളിൽ തിരിച്ചു നൽകും. ഈ തീരുമാനം എല്ലാ അഫിലിയേറ്റഡ് കോളജുകൾക്കും ബാധകമായിരിക്കും. അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിൽ എം.സി.എ കോഴ്സ് ഈ വർഷം പുനരാരംഭിക്കാൻ അനുമതി നൽകി. മറ്റ് തീരുമാനങ്ങൾ: പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ ഈ അധ്യയന വർഷം കൂടി ബി.എ, എം.എ കോഴ്സുകളിൽ പ്രവേശനം തുടരാൻ അനുമതി. മാനേജ്മെൻറിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അനിശ്ചിതത്വം നിലനിൽക്കുന്ന പടന്ന ഷറഫ് കോളജിൽ ഈ അധ്യയന വർഷം പ്രവേശനം നടത്തില്ല. സർവകലാശാലയുടെ പഠന വകുപ്പുകളെയെല്ലാം പരസ്പരം ബന്ധപ്പെടുത്തി ബി.എസ്.എൻ.എൽ ഇൻറർനെറ്റ് കണക്ടിവിറ്റി നൽകും. സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഇതര സർവകലാശാലകൾ സന്ദർശിച്ച് പഠനം നടത്തി നിർദേശങ്ങൾ സമർപ്പിക്കുന്നതിന് പരീക്ഷാ മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സർവകലാശാലയിൽ സമർപ്പിക്കുന്ന ഗവേഷണ പ്രബന്ധങ്ങളിലെ ചോരണം(പ്ലേജറിസം) തടയുന്നതിനുള്ള സോഫ്റ്റ് വെയർ സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കും. സർക്കാർ പുതുതായി അനുവദിച്ച കിനാനൂർ-കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് താൽക്കാലിക അഫിലിയേഷൻ നൽകാനും കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കാനും തീരുമാനം. യോഗത്തിൽ ൈവസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.