കണ്ണൂർ: ചെറിയ പെരുന്നാൾ നമസ്കാരം കാണാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും സബ്ജഡ്ജുമുൾപ്പെടെ നിരവധിപേർ കണ്ണൂർ താവക്കര യൂനിറ്റി സെൻററിൽ അതിഥികളായെത്തി. പള്ളിയിലേക്ക് അതിഥികളെ സ്വീകരിച്ചിരുത്തിയ ഭാരവാഹികൾ പ്രാർഥന നേരിൽ കാണാനെത്തിയവർക്ക് അതിനുള്ള പ്രത്യേകസൗകര്യം ഒരുക്കിയിരുന്നു. പരസ്പരസ്നേഹവും സാഹോദര്യവും വളർത്താൻ ആഘോഷങ്ങൾ ഉപകരിക്കണമെന്ന് സൗഹൃദസദസ്സ് ഉദ്ഘാടനംചെയ്ത തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളുടെ ദൗത്യംകൂടി നിർവഹിക്കുന്നത് പുതിയ കാലഘട്ടത്തിൽ വലിയ കാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ത്യാഗത്തിെൻറ ദിനരാത്രങ്ങൾക്ക് ശേഷമുള്ള ചെറിയ പെരുന്നാളിന് ഇനിയുള്ള 11 മാസത്തെ ജീവിതവിശുദ്ധിയെ പാകപ്പെടുത്തുന്നതിൽ വലിയ പങ്കുണ്ട്. അത് വിശ്വാസികൾ മുറുകെ പിടിക്കണം. സമൂഹത്തിൽ ഛിദ്രത വളർത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് തിരിച്ചടി നൽകേണ്ടത് ഇത്തരം സൗഹൃദസദസ്സുകളുടെ സംഘാടനത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. യൂനിറ്റി സെൻറർ ചെയർമാൻ യു.പി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. ജില്ല ലീഗൽ സർവിസ് സബ് ജഡ്ജ് സി. സുരേഷ്കുമാർ, കണ്ണൂർ േകാർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ആകാശവാണി മുൻ ഡയറക്ടർ കെ. ബാലചന്ദ്രൻ, അമർനാഥ് എന്നിവർ സംസാരിച്ചു. കെ. മുഹമ്മദ് ഹനീഫ്, കെ.പി. അബ്ദുൽ അസീസ്, ഡോ. പി. സലീം, പി.വി. മുജീബ് എന്നിവർ നേതൃത്വം നൽകി. ഖുർആൻ മത്സരവിജയികൾക്ക് ജഡ്ജ് സി. സുരേഷ്കുമാർ സമ്മാനങ്ങൾ നൽകി. യൂനിറ്റി സെൻറർ സെക്രട്ടറി കെ.എം. മഖ്ബൂൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.