രാജ്യത്ത് വർഗീയ കലാപങ്ങളിൽ 27 ശതമാനം വർധന -എസ്​.ആർ.പി

കണ്ണൂർ: രാജ്യത്ത് നാലുവർഷം കൊണ്ട് വർഗീയ കലാപങ്ങളിൽ 27 ശതമാനം വർധന ഉണ്ടായെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം മുന്നൂറിലേറെ വർഗീയ കലാപങ്ങളിൽ നാനൂറോളം പേർ മരിക്കുകയും ഒമ്പതിനായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം തന്നെ ബിഹാറിൽ 13ഉം രാജസ്ഥാനിൽ നാലും ബംഗാളിൽ മൂന്നും വർഗീയ കലാപം നടന്നു. ഗോ സംരക്ഷണത്തി​െൻറ പേരിൽ 78 പേരെയാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിലും ജില്ല ലൈബ്രറി ഇ.എം.എസ് ചെയറും സംഘടിപ്പിച്ച ഇ.എം.എസി​െൻറ ലോകം സെമിനാറിൽ 'ഇന്ത്യൻ ഭരണഘടനയും മതേതരത്വവും' എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്.ആർ.പി. ശാസ്ത്ര സാങ്കേതിക വളർച്ചയെയും രാജ്യത്തി​െൻറ ആകെ വികസനത്തെയും ബാധിക്കുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളാണ് മോദി സർക്കാർ പ്രചരിപ്പിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷത തകർക്കാനാണ് ശ്രമം. ശാസ്ത്രത്തിനും യുക്തിചിന്തക്കും വേണ്ടി വാദിക്കുന്ന സ്വതന്ത്ര ചിന്തകരെ ഇല്ലാതാക്കുകയും ജനങ്ങളുടെ സമരത്തെ ദുർബലപ്പെടുത്തുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. മതത്തെ രാഷ്ട്രീയത്തിലും രാഷ്ട്രീയ പ്രവർത്തനങ്ങളെ മതങ്ങളുമായും കൂട്ടിക്കലർത്തരുതെന്നും ജനങ്ങളിൽനിന്ന് നികുതി പിരിച്ച് ഏെതങ്കിലും മതത്തെ സഹായിക്കാനുള്ള നടപടി സ്വീകരിക്കാൻ പാടില്ലെന്നും ഭരണഘടനയിൽ പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്. ഭരണഘടന സംരക്ഷിക്കാനുള്ള യഥാർഥ ബദൽ ഉയർത്തിക്കൊണ്ടുവരുകയും അതിനായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. മുതലാളിത്തം നടത്തിയ വമ്പിച്ച മാറ്റങ്ങളാണ് ലോകം നേരിടുന്ന പരിസ്ഥിതി നാശത്തിന് കാരണമെന്ന് 'വികസനവും പരിസ്ഥിതിയും മാർക്സിയൻ വീക്ഷണത്തിൽ' എന്ന വിഷയം അവതരിപ്പിച്ച് ഡോ. കെ.എൻ. ഗണേഷ് പറഞ്ഞു. തൊഴിലാളികളുടെ കൈവശം ഒരിക്കലും വിഭവങ്ങൾ എത്തിപ്പെടാൻ പാടില്ലെന്നതാണ് ഇവരുടെ താൽപര്യം. ലാഭത്തിനുവേണ്ടി പ്രകൃതിയെ അമിതമായി ചൂഷണത്തിന് വിധേയമാക്കുന്നതാണ് പ്രശ്നം. ഏത് വികസന കാഴ്ചപ്പാടിനും സോഷ്യൽ പ്ലാനിങ് വേണമെന്നാണ് മാർക്സ് പറഞ്ഞത്. ഇന്ത്യയിൽ ആസൂത്രണ കമീഷനെ തന്നെ പിരിച്ചുവിടാനാണ് സർക്കാർ തയാറായത്. കേരളത്തിൽ മാത്രമാണ് 13ാം പദ്ധതിയുടെ അടിസ്ഥാനത്തിൽ ആസൂത്രണ പ്രകിയ നടക്കുന്നത് -ഗണേഷ് പറഞ്ഞു. ബദലുകളുടെ പരീക്ഷണ ശാലയാണ് കേരളമെന്ന് 'കേരളീയ ബദൽ 1957-2018' എന്ന വിഷയം അവതരിപ്പിച്ച് ചരിത്രകാരനും മുൻ പി.എസ്.സി അംഗവുമായിരുന്ന ഡോ. പി. മോഹൻദാസ് പറഞ്ഞു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് കവിയൂർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത 50 ഗ്രന്ഥശാലകളിൽ നടപ്പാക്കുന്ന പൈതൃക സംരക്ഷണം പദ്ധതിയുടെ ഉദ്ഘാടനം നവോത്ഥാന നായകരുടെ ഫോട്ടോ കൈമാറി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ടി. ഗംഗാധരൻ, ഡോ. എ. വത്സലൻ, പയ്യന്നൂർ കുഞ്ഞിരാമൻ, മാത്യു പുതുപറമ്പിൽ, എം. മോഹനൻ, എ. പങ്കജാക്ഷൻ, പി.കെ. ബൈജു, സി.എച്ച്. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.