കണ്ണൂർ: പൊലീസിലെ ചെറിയൊരുവിഭാഗം ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഇത്തരം ക്രിമിനലുകളെ പിരിച്ചുവിടുന്നതുൾപ്പെടെ കർശനനടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസ് ആക്ടനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കേണ്ടത്. അത് അനുസരിക്കാത്തവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പൊലീസ് അസോസിയേഷൻ തലപ്പത്തുണ്ടായിരുന്ന ചിലരാണ് ഇപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. യു.ഡി.എഫ‌് ഭരണകാലത്ത‌് ഉമ്മൻ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ എ.എസ‌്.ഐയാണ‌് കോട്ടയത്ത് പ്രശ്നമുണ്ടാക്കിയത‌്. പൊലീസിലെ ചെറിയൊരുവിഭാഗം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അത്തരക്കാരെ പിരിച്ചുവിടാനും മടിക്കരുത്. ചില മാധ്യമങ്ങൾ യു.ഡി.എഫ് ഘടക കക്ഷിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനസർക്കാറിെൻറ പ്രതിച്ഛായക്ക് ഒരു തരത്തിലും മങ്ങലേറ്റിട്ടില്ല. പ്രശ്നങ്ങളുണ്ടാകുമ്പോൾ പൊലീസ് ഇടപെടും. എന്നാൽ, അത്തരം വിഷയങ്ങളോട് സർക്കാർ സ്വീകരിക്കുന്ന നിലപാടാണ് വിലയിരുത്തേണ്ടത്. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടല്ല സംസ്ഥാനസർക്കാറിേൻറത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പൊലീസിൽ അരാജകത്വം നിലനിന്നിരുന്നു. അത് ഇല്ലാതാക്കാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.