ലോകകപ്പ്​ ഫുട്​ബാൾ: ആവേശത്തേരിൽ ഗ്രാമങ്ങൾ

കാഞ്ഞങ്ങാട്: സോക്കർ മാമാങ്കത്തി​െൻറ വിസിലൂത്തിനായി കാത്ത് കാൽപന്തുഗ്രാമങ്ങൾ. ഫുട്ബാൾ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഗ്രാമങ്ങളിൽ ആരവങ്ങളുയരുന്നത്. തെരുവോരങ്ങൾ ബ്രസീൽ, അർജൻറീന, സ്പെയിൻ, ജർമനി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ പതാകയും ജഴ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ തുടങ്ങിയ വിശ്വതാരങ്ങളുടെ കട്ടൗട്ടുകളുമൊക്കെയായി നിറംപിടിച്ചുതുടങ്ങിയിരിക്കുന്നു. ചങ്കാണ് നെയ്മര്‍ ചങ്കിടിപ്പാണ് ബ്രസീല്‍, മരിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതുവരെ എതിരാളികൾ ഭയക്കണം; ഇടങ്കാലിൽ മായാജാലം ഒളിപ്പിച്ചവനെ... തുടങ്ങി രസകരമായ ഡയലോഗുകളാണ് ഫ്ലക്സുകളിൽ. ഇഷ്ടപ്പെട്ട ടീമുകളുടെ ഫ്ലക്സുകൾ സ്ഥാപിക്കുന്നതിന് പുറമേ ടീമുകൾ തമ്മിലുള്ള സന്നാഹമത്സരങ്ങളും പലയിടങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. ചെറിയ കുട്ടികൾക്കായി അവരുടെ ഇഷടപ്പെട്ട ടീമുകളുടെ ജഴ്സികളും നൽകിത്തുടങ്ങി. ലോകകപ്പ് ഫുട്‌ബാള്‍ ടീമുകളുടെ ചിത്രങ്ങള്‍ക്കൊപ്പം തങ്ങളുടെ ചിത്രവും നെഞ്ചിനുള്ളിലെ ആവേശം അക്ഷരങ്ങളാക്കിയുമാണ് മത്സരിച്ച് ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചുവരുന്നത്. ലോകകപ്പ് ഫുട്ബാള്‍ മത്സരം അടുത്തുവന്നാല്‍ പിന്നെ ഗ്രാമങ്ങളിലെ ഫുട്ബാള്‍ ആരാധകര്‍ക്ക് വിശ്രമമില്ല. ഒാരോ ടീമി​െൻറയും ഫാന്‍സ് അസോസിയേഷനുകൾ സ്വന്തം വാഹനങ്ങളിൽ ചായമടിച്ചു തുടങ്ങിയിട്ടുണ്ട്. ലോകകപ്പിന് ഇനി ഒരാഴ്ചയുണ്ടെങ്കിലും ഫുട്ബാള്‍ ആവേശം നാട്ടുകാരെ അറിയിച്ച് നേരത്തെതന്നെ കാറില്‍ ഊരുചുറ്റുകയാണിപ്പോള്‍ ആരാധകര്‍. എല്ലാവര്‍ക്കും ഒരുമിച്ച് കളി കാണാനാകുംവിധം ബിഗ് സ്ക്രീനുകൾ സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബുകൾ. ഒാരോ കവലയിലും വീട്ടകങ്ങളിലും പ്രത്യേകം തയാറാക്കിയ വലിയ സ്ക്രീനുകൾക്ക് മുന്നിലുമൊക്കെ മത്സരത്തി​െൻറ വീറും വാശിയും ഏറ്റുവാങ്ങി സ്വന്തം ടീമുകളെ പിന്തുണച്ച് ആർപ്പുവിളിക്കാൻ ഇത്തവണയും ആരാധകക്കൂട്ടമുണ്ടാകും. തല മൊട്ടയടിക്കുക, മീശ വടിക്കുക തുടങ്ങിയ പരമ്പരാഗത പന്തയം െവക്കലുകളും തുടങ്ങിയിട്ടുണ്ട്. ഫ്ലക്സുകൾക്ക് പുറമേ വമ്പൻ താരങ്ങളുടെ വലിയ കട്ടൗട്ടുകളാണ് ഗ്രാമങ്ങളിലും നഗരങ്ങളിലും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.