കണ്ണൂർ: ആയുര്‍വേദ മരുന്നുകളിലെയും മസാലകളിലെയും മായം കണ്ടെത്തുന്നതിന് കേരളത്തിലെ ആയുര്‍വേദ, ഭക്ഷ്യലാബുകളില്‍ എല്‍.സി.എം.എസ്, എം.എസ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. കീടനാശിനി പ്രയോഗം തിരിച്ചറിയാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.എസ്. സുനില്‍കുമാര്‍ തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ഇത് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ ഉണ്ടാകുന്നില്ലെന്ന്, കറുവപ്പട്ടക്ക് പകരം മാരക വിഷമടങ്ങിയ കാസിയ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കണ്ണൂര്‍ സ്വദേശി ലിയോനാര്‍ഡ് ജോണ്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതിനും സാമ്പിള്‍ ശേഖരിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാനും ഫണ്ടില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ പറയുന്നത്. എന്നാല്‍, വിവരാവകാശ നിയമ പ്രകാരം തനിക്ക് ലഭിച്ച മറുപടിയില്‍, ഉപകരണങ്ങളും പരിശോധന നടത്തുന്നതിന് അനലിസ്റ്റുകളെ നിയമിക്കുന്നതിനും സാമ്പിള്‍ ശേഖരിക്കുന്നതിന് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കറുവപ്പട്ടക്ക് പകരം ഉപയോഗിക്കുന്ന കാസിയയുടേതടക്കം പരിശോധനക്ക് കേരളത്തില്‍ സൗകര്യമില്ലെന്ന് പറഞ്ഞൊഴിയുന്ന അധികൃതര്‍ക്ക് എല്ലാ സംവിധാനങ്ങളുമുള്ള കേന്ദ്ര സ്ഥാപനമായ മൈസൂരു റഫറല്‍ ലാബില്‍ ഉൽപന്നങ്ങള്‍ പരിശോധനക്ക് അയക്കാവുന്നതാണ്. എന്നാല്‍, കാസിയ, മസാല ഇനങ്ങളില്‍ കേരളത്തില്‍നിന്നും ഒരു സാമ്പിളും ലഭിച്ചതായി ഇവരുടെ മറുപടിയില്‍ കാണുന്നില്ലെന്നും ലിയോനാര്‍ഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.