പട്ടയവിതരണം: യു.ഡി.എഫ് ബഹിഷ്കരിച്ചു, ജനതാദളും വിട്ടുനിന്നു

പാനൂർ: വടക്കേക്കളം പട്ടയവിതരണം യു.ഡി.എഫ് ബഹിഷ്കരിച്ചു. ജനതാദളും വിട്ടുനിന്നു. കല്ലിക്കണ്ടിയിൽ നടന്ന പട്ടയവിതരണ മേളയിൽനിന്നാണ് യു.ഡി.എഫും ദളും വിട്ടുനിന്നത്. പ്രതിനിധികളെ ക്ഷണിക്കാത്തതിനാലാണ് ബഹിഷ്കരണം. പരിപാടി നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തന്നെ അറിയിച്ചതെന്ന് കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് കരുവാൻറവിട ബാലൻ പറഞ്ഞു. ഇടത് ജനാധിപത്യ മുന്നണിയുടെ ഭരണനേട്ടം എന്നനിലയിൽ വടക്കേക്കളം മിച്ചഭൂമിയിലെ കർഷകർക്ക് പട്ടയവിതരണം നടത്തിയത് രാഷ്ട്രീയതട്ടിപ്പാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ആരോപിച്ചു. നേരത്തെ യു.ഡി.എഫ് സർക്കാർ പട്ടയവിതരണം ഉദ്ഘാനം ചെയ്തതാണ്. നൂറുകണക്കിന് കർഷകർക്ക് പട്ടയവിതരണവും നടത്തി. അന്ന് ബാക്കിയായ കർഷകരുടെ പട്ടയമാണ് ഇപ്പോൾ സർക്കാർനേട്ടമായി ചിത്രീകരിച്ച് വിതരണം ചെയ്തത്. 'നിപ പനി' പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പൊതുപരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന സർക്കാർനയമുള്ള പ്രദേശത്ത് പരിപാടി സംഘടിപ്പിച്ചതും ശരിയായില്ല. ഇതും ബഹിഷ്കരണത്തിന് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. നിപ ഭീഷണിയിൽ പൊതുപരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന നിർദേശമുള്ളപ്പോഴാണ് നിപബാധിത മേഖലയോട് തൊട്ടുകിടക്കുന്ന പ്രദേശത്ത് പരിപാടി നടത്തിയതെന്ന് ലീഗ് നേതാവും തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറുമായ കാട്ടൂർ മുഹമ്മദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.