പയ്യന്നൂർ: മുറിഞ്ഞുപോകുന്ന വാക്കുകളിൽ യാത്രയയപ്പ് സമ്മേളനത്തിന് നന്ദി പറയുമ്പോൾ എസ്.െഎ രാജെൻറ നാവിൽ പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. മറിച്ച് ഒരു പൊലീസുകാരൻ എങ്ങനെ ജനങ്ങളോട് പെരുമാറണമെന്നും പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിനെക്കുറിച്ചുമായിരുന്നു മുറിഞ്ഞുപോയ വാക്കുകൾ. പരിയാരം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.എം. രാജെൻറ വിടവാങ്ങൽ പ്രസംഗം വികാരനിർഭരമായാണ് സദസ്സ് ശ്രവിച്ചത്. അനധികൃത മണൽവേട്ട തടയാനെത്തിയ എസ്.ഐ രാജനെ മണൽമാഫിയസംഘം ലോറിയിൽവെച്ച് ഇടിച്ച് നുറുക്കി ജീവച്ഛവമാക്കി വലിച്ചെറിഞ്ഞത് 2015 മേയ് 16ന് പുലർച്ചെയായിരുന്നു. മൂന്നുവർഷത്തെ ചികിത്സയിലും പൂർണ ആരോഗ്യം വീണ്ടെടുക്കാനാവാതെയാണ് വ്യാഴാഴ്ച വിരമിച്ചത്. ഒരിക്കൽകൂടി എസ്.ഐയുടെ യൂനിഫോം ധരിക്കണമെന്ന ആഗ്രഹം സഫലമാകാതെയാണ് സ്റ്റേഷനിൽനിന്ന് പടിയിറങ്ങിയത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ദീർഘകാലം ചികിത്സിച്ചുവെങ്കിലും സ്വന്തമായി നടക്കാൻപോലും സാധിക്കാത്ത സ്ഥിതിയിലാണ് ഇദ്ദേഹം. ചികിത്സ തുടരുന്നതിനിടെയാണ് വിരമിക്കൽ. ദുരന്തം നടന്നപ്പോൾ നിരവധി ആശ്വാസവാക്കുകളും സഹായ വാഗ്ദാനങ്ങളുമുണ്ടായെങ്കിലും പിന്നീട് ഈ ഉദ്യോഗസ്ഥനെ എല്ലാവരും മറന്നു. അടുത്ത കാലത്ത് വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് ചില സർക്കാർസഹായങ്ങൾ ലഭ്യമായത്. വിരമിച്ചതോടെ ഇനി പെൻഷൻ മാത്രമാണ് ആശ്രയം. ചികിത്സക്കുവേണ്ടി ലക്ഷങ്ങളാണ് ചെലവഴിച്ചത്. ജില്ലയിലെ സഹപ്രവർത്തകരുടെ സഹായം ഒരുപരിധിവരെ ആശ്വാസമായിരുന്നു. ഭാര്യ ശ്രീജയും മക്കളായ സജിത്കുമാർ, സന്ദീപ്, നന്ദന എന്നിവരുമടങ്ങുന്നതാണ് രാജെൻറ കുടുംബം. പരിയാരം പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു പരിപാടി ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനംചെയ്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ അധ്യക്ഷതവഹിച്ചു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി പി. രമേശൻ, സി.ഐ സുധീർ കണ്ണൻ, പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പി.വി. രാജേഷ്, ജില്ല എക്സിക്യൂട്ടിവ് അംഗം കെ. പ്രിയേഷ്, എസ്.ഐമാരായ വിനുമോഹൻ, ബിജുപ്രകാശ്, മാധ്യമപ്രവർത്തകൻ രാഘവൻ കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. പരിയാരം എസ്.ഐ വി.ആർ. വിനീഷ് സ്വാഗതവും എസ്.കെ. പ്രജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.