ചക്കരക്കല്ല്: തിലാനൂരിൽ ഇരുനിലക്കെട്ടിടം ഭൂമിയിലേക്ക് താഴ്ന്നു. ചൊവ്വാഴ്ച ഉച്ച 12.30ഓടെയാണ് സംഭവം. തിലാനൂർ സ്വദേശി പവിത്രെൻറ ഉടമസ്ഥതയിലുള്ള ഓടിട്ട കെട്ടിടമാണ് താഴ്ന്നത്. മരവും കല്ലും ഉപയോഗിച്ച് നിർമിച്ച 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന് ഏകദേശം 45 വർഷത്തിലേറെ പഴക്കമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പൂർണമായും താഴ്ന്നകെട്ടിടത്തിെൻറ സ്ഥാനത്ത് മൺകൂനയാണ് ഇപ്പോഴുള്ളത്. കെട്ടിടത്തിൽ താഴത്തെനിലയിൽ കച്ചവടം ചെയ്തിരുന്ന മുഹമ്മദ് കുഞ്ഞി, മുകൾഭാഗത്ത് പ്രവർത്തിച്ചിരുന്ന സൂര്യോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലുണ്ടായിരുന്ന ഷാജി എടപ്പാടി, കടയിൽ സാധനം വാങ്ങാനെത്തിയ അസീസ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ക്ലബിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു. കെട്ടിടത്തിെൻറ കല്ലുകൾ ഇളകിവീഴുന്നത് പുറത്തുനിന്ന് കണ്ടയാൾ ശബ്ദംവെച്ചതോടെ ഇവർ പുറത്തേക്ക് ഓടുന്നതിനിടയിൽ ദേഹത്ത് കല്ലും മരക്കഷണങ്ങളും വീഴുകയായിരുന്നു. ഇവർക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. ഉച്ചസമയമായതിനാലാണ് ആളപായം ഇല്ലാതിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വൈകുന്നേരങ്ങളിൽ സ്പോർട്സ് ക്ലബിൽ നിരവധിപേർ ഒത്തുകൂടാറുള്ളതാണ്. കടയിലുണ്ടായിരുന്ന റഫ്രിജറേറ്റർ, കച്ചവടസാധങ്ങൾ, മറ്റു ഫർണിച്ചർ ഉപകരണങ്ങൾ എന്നിവയും ക്ലബിലുണ്ടായിരുന്ന സ്പോർട്സ് ഉപകരങ്ങളും ഭൂമിക്കടിയിലായി. സംഭവമറിഞ്ഞ് കണ്ണൂരിൽനിന്ന് അഗ്നിശമന യൂനിറ്റ്, തഹസിൽദാർ, റവന്യൂ അധികൃതർ, മുനിസിപ്പൽ കൗൺസിലർ രാജീവൻ എന്നിവർ സ്ഥലത്തെത്തി. ഏകദേശം 3.50 ലക്ഷം രൂപയുടെ സാമഗ്രികൾ നശിച്ചതായി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.