കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ സ്വകാര്യ വ്യക്​തികൾക്ക് സബ്സിഡി -മന്ത്രി

കണ്ണൂർ: കണ്ടൽക്കാടുകൾ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കാനായി സ്വകാര്യ വ്യക്തികൾ തയാറായാൽ ഒരേക്കർ ഭൂമിക്ക് 4000 രൂപ വരെ സബ്സിഡി നൽകുമെന്ന് വനം-പരിസ്ഥിതി മന്ത്രി കെ. രാജു. കൊട്ടില ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കണ്ടൽ പഠന ഗവേഷണ കേന്ദ്രത്തി​െൻറയും ജൈവവൈവിധ്യ ഉദ്യാനത്തി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒരേക്കർ ഭൂമിയിൽ കണ്ടൽക്കാട് വെച്ചുപിടിപ്പിച്ചാൽ അവ സംരക്ഷിക്കുന്നതിനാണ് സബ്സിഡി നൽകുക. സ്വകാര്യ വ്യക്തികൾ കണ്ടൽക്കാടുകൾ വിട്ടുതരാൻ തയാറാണെങ്കിൽ ഏറ്റെടുക്കാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. വനവിസ്തൃതി കൂടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതിൽ 250 ഹെക്ടർ വനഭൂമി വർധിപ്പിച്ച കാലഘട്ടമാണ് കഴിഞ്ഞ രണ്ടുവർഷം. ഇതിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും സർക്കാർ ഏറ്റെടുത്ത് വനഭൂമിയായി പ്രഖ്യാപിച്ച കണ്ടൽക്കാടുകളും ഉൾപ്പെടും. കടലാക്രമണം ചെറുക്കാൻ കരിങ്കല്ല് കടൽഭിത്തി നിർമിക്കുന്നതിനേക്കാൾ ഫലപ്രദമായ ചെലവുകുറഞ്ഞ രീതിയാണ് കണ്ടൽ വെച്ചുപിടിപ്പിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കല്യാശേരി അസംബ്ലി നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ജീവനം 2018​െൻറ ഭാഗമായാണ് സ്കൂളിൽ കണ്ടൽപഠന ഗവേഷണ കേന്ദ്രവും ജൈവ വൈവിധ്യ ഉദ്യാനവും നിർമിച്ചത്. മറ്റ് സ്കൂളുകൾക്കും ഇത് മാതൃകയാക്കാം. രണ്ടേക്കർ വരുന്ന ജൈവവൈവിധ്യ പാർക്കിൽ കുടുതൽ വൃക്ഷത്തെകൾ എത്തിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 'കണ്ടൽവനം: ഒരു ആവാസ വ്യവസ്ഥ' എന്ന വിഷയത്തിൽ ഫിഷറീസ് ജോ. ഡയറക്ടർ ഡോ. ദിനേശ് ചെറുവാട്ടും 'കണ്ടൽവനത്തിലെ ജൈവവൈവിധ്യം' എന്ന വിഷയത്തിൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ടും പ്രഭാഷണം നടത്തി. 'കണ്ടറിഞ്ഞ കണ്ടൽ വനം' എന്നതിനെ അടിസ്ഥാനമാക്കി ഡബ്ല്യു.ടി.ഐ അസി. മാനേജർ ഡോ. എം. രമിത്തി​െൻറ ചിത്ര പ്രദർശനവും നടന്നു. ശാസ്ത്രജ്ഞൻ ഡോ. എം.കെ. രാജേന്ദ്രപ്രസാദ് പദ്ധതി വിശദീകരിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി. വിമല, വൈസ് പ്രസിഡൻറ് സി.ഒ. പ്രഭാകരൻ, പഞ്ചായത്തംഗം അഡ്വ. സുരേഷ്ബാബു, മാടായി ഉപജില്ല എ.ഇ.ഒ പി. അബ്്ദുല്ല, സ്കൂൾ പ്രധാനാധ്യാപകൻ ഷാജിറാം, പ്രിൻസിപ്പൽ പി. നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.