വന്യമൃഗശല്യം: നഷ്​ടപരിഹാരം ഇരട്ടിയാക്കി -മന്ത്രി ജില്ലക്ക്​ മാത്രമായി റാപിഡ് റെസ്​പോൺസ്​ ടീം

കണ്ണൂർ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആൾനാശമുണ്ടാവുന്ന സംഭവങ്ങളിൽ നഷ്ടപരിഹാരം അഞ്ചുലക്ഷമായിരുന്നത് 10 ലക്ഷം രൂപയും കൃഷിനാശമുൾപ്പെടെയുള്ളവയുടെ നഷ്ടപരിഹാരം നിലവിലുള്ളതി​െൻറ ഇരട്ടിയുമാക്കിയതായി വനം മന്ത്രി അഡ്വ. കെ രാജു അറിയിച്ചു. ജില്ലയിലെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മരിക്കുന്നവരുടെ ബന്ധുക്കൾക്ക് ഒരാഴ്ചക്കുള്ളിൽ അഞ്ചുലക്ഷവും നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നമുറക്ക് ബാക്കി തുകയും നൽകണം. മറ്റു നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം മൂന്നുമാസത്തിനകം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ അതിനുള്ള ഫണ്ട് ലഭ്യമല്ലെങ്കിൽ മറ്റു ജില്ലകളിൽനിന്ന് അത് ലഭ്യമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിളനാശത്തിന് നിലവിൽ നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണെന്ന് ആക്ഷേപമുയർന്ന പശ്ചാത്തലത്തിൽ അക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഏതെങ്കിലും രീതിയിലുള്ള ആനപ്രതിരോധ സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിൽ അത് നിർമിക്കുന്നതിന് സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിലൂടെ കടന്നുപോകുന്ന 9.25 കിലോമീറ്റർ ആനപ്രതിരോധ മതിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയതാണെന്നും അതിനോട് ചേർന്ന് നിർമിക്കാൻ ബാക്കിയുള്ള 2.1 കിലോമീറ്റർ കൂടി പണിയാൻ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനും വനംവകുപ്പ് ഉദ്യോഗസ്ഥൻ കൺവീനറുമായി രൂപവത്കരിച്ച ജനജാഗ്രത സമിതികൾ മൂന്നു മാസത്തിലൊരിക്കലെങ്കിലും യോഗംചേർന്ന് പ്രദേശത്തെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യണമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യമുണ്ടാകുന്ന പ്രദേശങ്ങളിൽ ഉടനെയെത്തി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനുള്ള റാപിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകൾക്കായി ഒരു ടീം എന്നതിനു പകരം ഓരോ ജില്ലക്കും ഓരോ ടീമിനെ നൽകും. ഇതിലെ അംഗസംഖ്യ വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആറളം ഫാമിലേതുൾപ്പെടെ വനനിബിഡമായിക്കിടക്കുന്നതും വന്യമൃഗശല്യം നേരിടുന്നതുമായ പ്രദേശങ്ങൾ ന്യായമായ നഷ്ടപരിഹാരം നൽകി വനംവകുപ്പ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ കെ.സി. ജോസഫ്, സണ്ണിജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദലി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് സി. കേശവൻ, എ.പി.സി.സി.എഫ് (കോഴിക്കോട്) പ്രദീപ് കുമാർ, അസി. കലക്ടർ അർജുൻ പാണ്ഡ്യൻ, ഡി.എഫ്.ഒ സുനിൽ പാമിഡി, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (പാലക്കാട്) ബി. അഞ്ജൻകുമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, ആറളം ഫാം പ്രതിനിധി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.